ഒരു വേദിയില്‍ മൂന്ന് മന്ത്രിമാര്‍

1324 ഓണ്‍ലൈന്‍ പരാതികള്‍

324 നേരിട്ടുള്ള പരാതികള്‍

782 പരാതികളില്‍ തത്സമയ പരിഹാരം

ശേഷിക്കുന്ന പരാതികളില്‍ ഒരുമാസത്തിനകം പരിഹാരം

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ജില്ലയില്‍ മൂന്ന് താലൂക്കുകളിലായി നടന്ന കരുതലും കൈത്താങ്ങും അദാലത്ത് പരാതി പരിഹാരത്തിനുള്ള വേറിട്ട വേദിയായി. വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍, തദ്ദേശ സ്വയം ഭരണവകുപ്പ് മന്ത്രി എം.ബി. രാജേഷ്, കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍ എന്നിവരുടെ നേതൃത്വത്തിലാണ് മൂന്ന് ദിവസങ്ങളിലായി താലൂക്ക് തല അദാലത്തുകള്‍ നടന്നത്.

ഒരു മാസം മുമ്പേ അദാലത്തിലേക്ക് ഓണ്‍ലൈന്‍ വഴിയും താലൂക്ക് കേന്ദ്രങ്ങള്‍ വഴിയും അദാലത്തിലേക്കുള്ള പരാതികള്‍ മൂന്‍കൂട്ടി സ്വീകരിച്ചിരുന്നു. അദാലത്ത് വേദിയില്‍ നേരിട്ടും പൊതുജനങ്ങള്‍ക്ക് പരാതികളും അപേക്ഷകളും നല്‍കാനുള്ള അവസരങ്ങളും ഒരുക്കിയിരുന്നു. ജില്ലയില്‍ മൂന്ന് താലൂക്കുകളില്‍ നിന്നായി 1324 പരാതികളാണ് ഓണ്‍ലൈന്‍ വഴി ലഭിച്ചത്. 324 പരാതികള്‍ നേരിട്ടും ലഭിച്ചു. 1648 പരാതികളില്‍ 782 പരാതികള്‍ തത്സമയം പരിഹരിച്ചു. 261 പരാതികള്‍ അദാലത്തിന് പരിഗണിക്കപ്പെടേണ്ട വിഷയത്തിന് പുറത്തായതിനാല്‍ നിരസിച്ചു. നേരിട്ടുള്ള പരാതികളില്‍ തത്സമയ പരിഹാരത്തിന് തടസ്സമുള്ള പരാതികളില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ അന്വേഷണം നടത്തി ഒരു മാസത്തിനകം തീരുമാനമെടുക്കും. റേഷന്‍കാര്‍ഡുകള്‍ തരം മാറ്റല്‍, റവന്യു, വനസംബന്ധമായ പരാതികള്‍, അതിര്‍ത്തി തര്‍ക്കങ്ങള്‍, ക്ഷേമപെന്‍ഷനുകള്‍ തുടങ്ങി 27 ഇനം പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്.

പട്ടയം, ലൈഫ് മിഷന്‍ തുടങ്ങിയ പരാതികള്‍ അദാലത്തില്‍ പരിഗണിച്ചിരുന്നില്ല. ഇത്തരത്തില്‍ അദാലത്തില്‍ വന്ന പ്രത്യേക കേസുകളില്‍ തീരുമാനമെടുക്കാന്‍ ജില്ലാ ലൈഫ് മിഷന്‍ കോര്‍ഡിനേറ്ററെ ചുമതലപ്പെടുത്തി. മാനന്തവടിയില്‍ നടന്ന മൂന്നാം ദിന അദാലത്തില്‍ 428 പരാതികളാണ് മുന്‍കൂട്ടി ഓണ്‍ലൈന്‍ വഴി ലഭിച്ചത്. ഇതില്‍ 108 പരാതികള്‍ അദാലത്ത് പരിഗണന വിഷയത്തില്‍പ്പെടാത്തതിനാല്‍ ആദ്യഘട്ടത്തില്‍ നിരസിച്ചു. 230 പരാതികള്‍ അദാലത്ത് പരിഗണിച്ചു. 90 പരാതികളില്‍ തത്സമയ പരിഹാരവും ശേഷിക്കുന്ന പരാതികളില്‍ അന്വേഷണവിധേയമായ തീരുമാനവുമുണ്ടാകും. നേരിട്ടുള്ള 69 പുതിയ പരാതികള്‍ ലഭിച്ചതില്‍ നേരിട്ട് പരിഹരിക്കാന്‍ കഴിയാത്തതില്‍ ഒരുമാസത്തിനകം പരിഹാരമുണ്ടാകും.