മൂന്ന് ദിവസങ്ങളില്‍ ജില്ലയില്‍ തുടര്‍ച്ചയായി നടന്ന കൈകള്‍ കോര്‍ത്ത് കരുത്തോടെ അദാലത്ത് വിവിധ വകുപ്പുകള്‍ കൈകള്‍ കോര്‍ത്ത് പരാതി പരിഹാരം എളുപ്പമാക്കി. ഒരു വേദിയില്‍ തന്നെ വിവിധ വകുപ്പുകള്‍ ചേര്‍ന്നെടുക്കേണ്ട തീരുമാനങ്ങള്‍ വേഗതയില്‍ മുന്നേറിയപ്പോള്‍ കെട്ടഴിഞ്ഞത് നൂലാമാലകളുടെ ചുവപ്പുനാടകളായിരുന്നു. ഇതര വകുപ്പുകളുമായി ചേര്‍ന്ന തീരുമാനമെടുക്കേണ്ട പരാതികളില്‍ അദാലത്ത് വേദിയില്‍ നിന്നു തന്നെ പരിഹാരം കാണുകയായിരുന്നു ലക്ഷ്യം.

ജില്ലാ കളക്ടര്‍ ഡോ. രേണുരാജിന്റെ നേതൃത്വത്തില്‍ അദാലത്ത് വേദികളിലെല്ലാം വിവിധ വകുപ്പുകളുടെ പ്രത്യേക കൗണ്ടറുകള്‍ സജ്ജമാക്കിയിരുന്നു. എല്ലാവിധ പരാതികള്‍ക്കും താമസമില്ലാതെ പരിഹാരം കാണാനുളള പരിശ്രമങ്ങള്‍ അധികൃതരുടെ ഭാഗത്ത് നിന്നുമുണ്ടായപ്പോള്‍ അദാലത്തിലെത്തിയവര്‍ക്കും കാത്തിരുന്നു വലയാതെ പരാതി പരിഹാരത്തിനുള്ള അവസരമായി. റേഷന്‍ കാര്‍ഡ് തരം മാറ്റല്‍ തുടങ്ങിയ അപേക്ഷകളില്‍ പുതിയ റേഷന്‍ കാര്‍ഡുകള്‍ വേദിയില്‍ നിന്നു തന്നെ പ്രിന്റ് ചെയ്ത് നല്‍കാനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. എ.ഡി.എം എന്‍.ഐ. ഷാജു, ഡെപ്യൂട്ടി കളക്ടര്‍മാരായ കെ. അജീഷ്, വി. അബൂബക്കര്‍, കെ. ദേവകി, തദ്ദേശ സ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഷാജി ജോസഫ് ചെറുകരക്കുന്നേല്‍ തുടങ്ങിയവര്‍ അദാലത്തിലെ പ്രത്യേക സേവന കൗണ്ടറുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിച്ചു. വിവിധ വകുപ്പ് ജീവനക്കാര്‍, എന്‍.സി.സി, സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ തുടങ്ങിയവര്‍ അദാലത്തില്‍ കര്‍മ്മനിരതരായി. വളണ്ടിയറായി പ്രവര്‍ത്തിച്ചവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും ചടങ്ങില്‍ വിതരണം ചെയ്തു