കഴിഞ്ഞ പ്ലസ്ടു പരീക്ഷയില്‍ 90 ശതമാനം മാര്‍ക്ക് നേടിയതിന്റെ സന്തോഷത്തിന്റെ നിറവിലായിരുന്നു ആന്‍ തെരേസ. ഈ സന്തേഷങ്ങള്‍ക്കിടയിലും ഒരു സങ്കടം മാത്രം. ജന്മനാ മസ്‌കുലാര്‍ ഡിസ്ട്രോഫി എന്ന രോഗം ബാധിച്ച് ആന്‍ തെരേസക്ക് തുടര്‍ന്നുള്ള പ്രയാണത്തിന് ഒരു ഇലകട്രോണിക് വീല്‍ ചെയര്‍ വേണം. ഈയൊരു ആവശ്യവുമായാണ് കല്ലോടി വീട്ടിച്ചാല്‍ സ്വദേശിനി ആന്‍ തെരേസ അദാലത്തില്‍ എത്തിയത്. വീല്‍ചെയറിലാണ് ആന്‍ തെരേസയുടെ ജീവിതം മുന്നോട്ട് പോകുന്നത്. ബി.കോം ബിരുദം എടുക്കണമെന്നാണ് ആന്‍ തെരേസയുടെ ആഗ്രഹം. പക്ഷേ നിലവില്‍ ഉള്ള വീല്‍ ചെയറുമായി പഠനം പൂര്‍ത്തിയാക്കാന്‍ ആന്‍ തെരേസക്ക് ബുദ്ധിമുട്ടുണ്ട്. വിവരമറിഞ്ഞപ്പോള്‍ കളക്ടര്‍ ഡോ. രേണു രാജ് അദാലത്ത് വേദിയില്‍ നിന്നും ഇറങ്ങി വന്ന് വീല്‍ ചെയറില്‍ ഇരിക്കുന്ന ആന്‍ തെരേസയുടെ അടുത്തെത്തി.

വിവരങ്ങള്‍ തിരക്കി ആന്‍ തെരേസ തന്റെ ഇലക്ട്രോണിക്ക് വീല്‍ ചെയര്‍ ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ ഇലക്ട്രോണിക്ക് വീല്‍ ചെയര്‍ വാങ്ങുവാനുള്ള ഫണ്ട് വകയിരുത്തിയിട്ടുണ്ടെന്നും എടവക ഗ്രാമപഞ്ചായത്തില്‍ അപേക്ഷ നല്‍കിയാല്‍ വീല്‍ ചെയര്‍ സ്വന്തമാക്കാമെന്നും കളക്ടര്‍ അറിയിച്ചു. കളക്ടറുടെ വാക്കുകള്‍ ആന്‍ തെരേസക്ക് നല്‍കിയത് പുതിയ പ്രതീക്ഷകളാണ്. ഒപ്പം നന്നായി പഠിക്കണമെന്ന കളക്ടറുടെ വാക്കുകളും ആന്‍ തെരേസക്ക് പ്രചോദനമായി മാറുകയായിരുന്നു