വീല്‍ചെയറിലിരുന്ന് അതിജീവന പോരാട്ടത്തിലൂടെ സിവില്‍ സര്‍വീസ് പ്രവേശന റാങ്ക് പട്ടികയില്‍ ഇടംപിടിച്ച കമ്പളക്കാട് സ്വദേശിനി ഷെറിന്‍ ഷഹാനയെ അഭിനന്ദിക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് വീട്ടിലെത്തി. ഷെറിന്‍ ഷഹാനയുടെ ആരോഗ്യ വിവരങ്ങള്‍ മന്ത്രി ചോദിച്ചറിഞ്ഞു. ഷെറിന്‍ ഷഹാനയെ പൊന്നാടണിയിച്ച് മന്ത്രി അഭിനന്ദിച്ചു.

കമ്പളക്കാട് തേനൂട്ടിക്കല്ലിങ്ങല്‍ പരേതനായ ഉസ്മാന്റെയും ആമിനയുടെും മകളാണ് ഷെറിന്‍ ഷഹാന. സിവില്‍ സര്‍വീസ് പ്രവേശന പരീക്ഷയില്‍ 913-ാം റാങ്കാണ് ഷെറിന്‍ ഷഹാന നേടിയത്. ടെറസില്‍ നിന്ന് വീണ് ഗുരുതര പരിക്കേറ്റതിനെ തുടര്‍ന്ന് നടക്കാന്‍ സാധിക്കാത്ത ഷെറിന്‍ വീല്‍ ചെയറിലിരുന്നാണ് സിവില്‍ സര്‍വീസ് പരിക്ഷയ്ക്ക് തയ്യാറെടുപ്പ് നടത്തിയത്.