ഭിന്നശേഷിക്കാരനായ മകന് തന്റെ മരണശേഷം ആരുണ്ടാകുമെന്ന ചോദ്യമുയര്‍ത്തിയാണ് പനമരം സ്വദേശി മുത്തു കരുതലും കൈത്താങ്ങും അദാലത്തിലെത്തിയത്. മാനസിക വെല്ലുവിളി നേരിടുന്ന മകന്‍ ജയകൃഷ്ണനും മുത്തുവും മാത്രമാണ് വീട്ടില്‍ കഴിയുന്നത്. വീട്ടില്‍ മറ്റാരുമില്ലാത്തതിനാല്‍ മകനെ വീട്ടില്‍ നിര്‍ത്തി ജോലിക്ക് പോകാന്‍ മുത്തുവിന് കഴിയില്ല. മകനെ ചികിത്സാ കേന്ദ്രത്തിലേക്ക് അയക്കാനും മുത്തു തയ്യാറല്ല. സാമൂഹിക സംഘടനകള്‍ ആരെങ്കിലും മകനെ ഏറ്റെടുത്താല്‍ തനിക്കുള്ളതെല്ലാം അവര്‍ക്ക് നല്‍കാമെന്ന് മുത്തു പറയുന്നു. നിലവിലെ പ്രശ്‌നത്തിന് ഒരു പരിഹാരം തേടിയാണ് മുത്തുവും മകനും അദാലത്ത് വേദിയില്‍ എത്തിയത്.
കളക്ടര്‍ ഡോ. രേണു രാജ് മുത്തുവിനെ സന്ദര്‍ശിക്കുകയും വിവരങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു.
നിലവില്‍ മുത്തുവിനെയും ജയകൃഷ്ണനെയും നടവയലില്‍ ഒസാന ഭവനില്‍ തത്ക്കാലം താമസിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ കളക്ടര്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ലീഡ് ബാങ്കുമായ് ബന്ധപ്പെട്ട് വരുമാന മാര്‍ഗത്തിനുള്ള പദ്ധതികളില്‍ മുത്തുവിനെയും മകനെയും ഉള്‍പ്പെടുത്താനും കളക്ടര്‍ നിര്‍ദ്ദേശിച്ചു. 34 വര്‍ഷം മാനന്തവാടി സപ്ലൈകോ ഗോഡൗണില്‍ കരാറടിസ്ഥാനത്തില്‍ ചുമട്ടുതൊഴിലാളിയായിരുന്നു മുത്തു. ഭാര്യ മരിച്ചതോടെയാണ് മുത്തുവും മകന്‍ ജയകൃഷ്ണനും ഒറ്റപ്പെട്ടത്. മകനെ വീട്ടില്‍ തനിച്ച് നിര്‍ത്താന്‍ കഴിയാത്തതിനാല്‍ മുത്തുവിന് പിന്നീട് ജോലിക്ക് പോകാനും സാധിച്ചില്ല. താത്ക്കാലികമായെങ്കിലും അദാലത്തിലൂടെ ഒരു പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് മുത്തുവും മകന്‍ ജയകൃഷ്ണനും അദാലത്തിനോട് വിട പറഞ്ഞത്.