കളിയും പാട്ടും കഥപറച്ചിലുമായി അങ്കണവാടി പ്രവേശനോല്‍സവം നടന്നു. പൂക്കളും, ബലൂണും, മധുരവും, സമ്മാനങ്ങളുമായാണ് കുഞ്ഞുങ്ങളെ അങ്കണവാടികളില്‍ വരവേറ്റത്. ജില്ലയില്‍ 874 അങ്കണവാടികളിലും പ്രവേശനോല്‍സവം നടന്നു. ആധുനിക സൗകര്യങ്ങളോട് കൂടിയുള്ള ക്ലാസ്സ് റൂമുകളും ചുറ്റുവട്ടവും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയാണ് ജില്ലയിലെ അങ്കണവാടികള്‍ കുരുന്നുകളെ വരവേറ്റത്.
സംയോജിത ശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ മുഴുവന്‍ അങ്കണവാടികളിലും പ്രവേശനോത്സവം ആഘോഷിക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയത്. ശിശു സൗഹൃദ പെയിന്റിംഗുകള്‍, പഠനോപകരണങ്ങള്‍, കളിയുപകരണങ്ങള്‍, പാല്‍, മുട്ട തുടങ്ങിയ പോഷക സമൃദ്ധമായ ഭക്ഷണം, കുടിവെള്ളം, ടെലിവിഷന്‍ തുടങ്ങിയ സൗകര്യങ്ങളും സജ്ജീകരിച്ചിരുന്നു.
ആസ്പിരേഷന്‍ ജില്ലയായ വയനാട്ടില്‍ സക്ഷം പദ്ധതിയിലുള്‍പ്പെടുത്തി മിക്ക അങ്കണവാടികളിലും പ്രത്യേക സൗകര്യങ്ങളും ഒരുക്കിയിരുന്നു. നീതി ആയോഗ്, സി.എസ്.ആര്‍ ഫണ്ടുകളുപയോഗിച്ച് പുതിയ കെട്ടിടം നിര്‍മ്മിക്കുകയും ചെയ്തിട്ടുണ്ട്. പനമരം പഞ്ചായത്തിലെ എല്ലാ അങ്കണവാടികളിലും പ്രവേശനോത്സവം നടത്തി. പനമരം പരക്കുനി അംഗണ്‍വാടിയില്‍ നടന്ന പ്രവേശനോത്സവത്തിന്റെ പഞ്ചായത്ത്തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.എം ആസ്യ നിര്‍വ്വഹിച്ചു.