ജില്ലാതല പ്രവേശനോത്സവം പണിക്കന്‍കുടി ഗവ.സ്കൂളില്‍
മഴയുടെ മണിക്കിലുക്കത്തിന്റെ താളത്തില്‍ ഇന്ന് വിദ്യാലയ മുറ്റങ്ങളില്‍ കളിചിരികളുണരും. പ്രവേശനോത്സവത്തിന്റെ ആഹ്ലാദ നിമിഷങ്ങളിലേക്ക് മണിയടിച്ചുണരാന്‍ ജില്ലയിലെ സ്കൂളുകളും കുഞ്ഞുങ്ങളും ഒരുങ്ങിക്കഴിഞ്ഞു. രണ്ട് മാസമായി ഉറങ്ങിക്കിടന്നിരുന്ന ക്ലാസ് മുറികള്‍ക്ക് ഇന്ന് കുട്ടികളുടെ കലപിലകളോടെ ജീവന് വെക്കുമ്പോള്‍ അവധിക്കാല വിശേഷങ്ങളേറെയുണ്ട് അവര്‍ക്ക് പങ്കുവെക്കാന്‍. സ്കൂളുകളില്‍ പുതിയൊരു അധ്യായന വര്‍ഷത്തിന്റെ ആരവങ്ങളുയരുമ്പോള്‍ നാടും ഉണരുകയാണ്. പുത്തനുടുപ്പിട്ട് വര്‍ണ്ണക്കുടചൂടി അക്ഷരമുറ്റങ്ങളിലേക്കെത്തുന്ന ആയിരക്കണക്കിന് കുരുന്നുകള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും തുടക്കത്തിന്റെ മധുരാനുഭവം പകരാന്‍ വിപുലമായ ഒരുക്കങ്ങളാണ് വിദ്യാലയ മനോജ്മെന്റുകള് പൂര്‍ത്തിയാക്കിയത്. ജില്ലയില്‍ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള 496 സ്കൂളുകളിലായി നിലവില്‍ ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയത് 5506 കുട്ടികളാണ്. പ്രവേശന പ്രകിയ ഇപ്പോഴും പുരോഗമിക്കുന്ന സാഹചര്യത്തില്‍ ഇനിയും കൂടുതല്‍ കുട്ടികള്‍ ഈ അധ്യയന വര്‍ഷം തന്നെ സ്കൂളുകളില്‍ എത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ ഏഴു വര്‍ഷങ്ങള്‍ക്കിടയില്‍ കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖല അന്തര്‍ദേശീയ നിലവാരത്തിനൊപ്പം വളര്‍ന്നു കഴിഞ്ഞു. ഇല്ലായ്മയുടെ പര്യായമായിരുന്ന പല പൊതുവിദ്യാലയങ്ങളുമിന്ന് നാടിന്റെ അഭിമാന സ്ഥാപനങ്ങളാണ്.
അത്യാധുനിക സൗകര്യങ്ങളും മികച്ച കെട്ടിടങ്ങളും ഹൈടെക് ക്ലാസ് മുറികളുമൊക്കെയായി പൊതുവിദ്യാഭ്യാസ രംഗം മാറിയതോടെ അക്കാദമിക് മികവിലും വലിയ മുന്നേറ്റം സംഭവിച്ചു. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള കുട്ടികളുടെ ഒഴുക്ക് ഇതാണ് വ്യക്തമാക്കുന്നത്.
പുതിയ അധ്യായന വര്‍ഷത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള ജില്ലാതല പ്രവേശനോത്സവം വ്യാഴാഴ്ച രാവിലെ 9 ന്
പണിക്കന്‍കുടി ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കും. ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു അധ്യക്ഷത വഹിക്കും. അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് പ്രവേശനോത്സവ സന്ദേശം നല്‍കും. എംഎല്‍എമാരായ എംഎം മണി, പിജെ ജോസഫ്, വാഴൂര്‍ സോമന്, അഡ്വ. എ. രാജ, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, അധ്യാപകര്‍, അനധ്യാപകര്‍, പിടിഎ ഭാരവാഹികള്‍, സാമൂഹ്യ രാഷ്ട്രീയ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.