മാലിന്യ മുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി ജില്ലാ ക്യാമ്പയിന്‍ സെക്രട്ടറിയേറ്റ് സ്‌ക്വാഡ് ഗൃഹസന്ദര്‍ശനം നടത്തി. കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ മുജീബ് കേയംതൊടി ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. കല്‍പ്പറ്റ നഗരസഭ പരിധിയിലെ വാര്‍ഡുകളിലാണ് ക്യാമ്പയിന്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഹരിതകര്‍മസേനയ്ക്ക് മാലിന്യവും യൂസര്‍ ഫീയും നല്‍കാത്ത വീടുകളിലും സ്ഥാപനങ്ങളിലും ജില്ലാ ക്യാമ്പയിന്‍ സെക്രട്ടറിയേറ്റിന്റെ നേതൃത്വത്തില്‍ 3 ഗ്രൂപ്പുകളായി തിരിഞ്ഞ് 65 വീടുകളില്‍ സന്ദര്‍ശനം നടത്തി.

ഹരിതകര്‍മസേനയോട് സഹകരിക്കാത്ത വീടുകളും സ്ഥാപനങ്ങളും ജൂണ്‍ മാസം മുതല്‍ സഹകരിക്കുമെന്ന് ഉറപ്പ് നല്‍കിയ വീടുകളില്‍ നിന്നും അജൈവ മാലിന്യവും യൂസര്‍ഫീയും ശേഖരിച്ചു. നവകേരളം റിസോഴ്സ് പേഴ്സണ്‍മാര്‍, ഹരിതകര്‍മസേന പ്രവര്‍ത്തകര്‍, ആര്‍.ജി.എസ്.എ പ്രതിനിധികള്‍, മുണ്ടേരി വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എന്‍.എസ്.എസ്, എസ്.പി.സി വിദ്യാര്‍ത്ഥികള്‍, നവകേരളം ഇന്റേണ്‍സ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ വീടുകള്‍ സന്ദര്‍ശിക്കുകയും ബോധവല്‍ക്കരണം നടത്തുകയും ചെയ്തു. നവകേരളം ജില്ലാ കോര്‍ഡിനേറ്റര്‍ ഇ. സുരേഷ് ബാബു വിഷയാവതരണം നടത്തി. നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ.പി മുസ്തഫ, വാര്‍ഡ് കൗണ്‍സിലര്‍ ആയിഷ പള്ളിയാല്‍, ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എസ്. ഹര്‍ഷന്‍ തുടങ്ങിയവര്‍ സംസാരിച്ചു.