പി.പി സുമോദ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു
ആരോഗ്യ വകുപ്പ്, ആരോഗ്യ കേരളം പാലക്കാട്, വടക്കഞ്ചേരി സമൂഹ്യ ആരോഗ്യ കേന്ദ്രം എന്നിവയുടെ നേതൃത്വത്തില്‍ ലോക പുകയില രഹിത ദിനം ജില്ലാതല ഉദ്ഘാടനം മംഗലം ഗവ ഐ.ടി.ഐയില്‍ നടന്നു. പി.പി. സുമോദ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
പുകയിലയുടെ ഉപയോഗം മൂലം ഉണ്ടാകുന്ന ക്യാന്‍സര്‍, ഹൃദ്രോഗം, പക്ഷാഘാതം പോലുള്ള മാരക രോഗങ്ങള്‍ വ്യക്തിയെയും കുടുംബത്തെയും സമൂഹത്തെയും ഒരുപോലെ നശിപ്പിക്കുമെന്ന് പി.പി സുമോദ് എം.എല്‍.എ പറഞ്ഞു.
ആരോഗ്യ നഷ്ടം, സാമ്പത്തിക നഷ്ടം മാത്രമല്ല പ്രകൃതിയുടെ ആരോഗ്യത്തെയും ഇത് ബാധിക്കും. ‘ക്ഷണികമായ സുഖം, ക്രമേണ മരണം’ ഇതാണ് ലഹരിയുടെ പ്രത്യേകത. പുകയിലക്കെതിരെ ശബ്ദിക്കുക എന്നതും തെറ്റ് ചെയ്യുന്നവരെ തിരുത്തുന്നതും എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും എം.എല്‍.എ പറഞ്ഞു. ‘നമുക്ക് ഭക്ഷണമാണ് വേണ്ടത്, പുകയിലയല്ല’ എന്നതാണ് ഈ വര്‍ഷത്തെ പുകയില രഹിത ദിന സന്ദേശം. ജനങ്ങളില്‍ പുകയിലയുടെ ദൂഷ്യ ഫലങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുക, പുകയിലയുടെ ഉപയോഗം കുറയ്ക്കുക എന്നിവയാണ് ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍.
പരിപാടിയില്‍ ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ബാബു അധ്യക്ഷയായി. ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. എ.കെ അനിത ദിനാചരണ സന്ദേശം നല്‍കുകയും പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു. ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി. ബിനു, ജില്ലാ പഞ്ചായത്തംഗം അനിത പോള്‍സണ്‍, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.ആര്‍ ശെല്‍വരാജ്, വടക്കഞ്ചേരി സാമൂഹ്യ ആരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. ജയശ്രീ, ഐ.ടി.ഐ പ്രിന്‍സിപ്പാള്‍ എന്‍.ആര്‍ രമേഷ്, അസിസ്റ്റന്റ് സര്‍ജന്‍ ഡോ. അനൂപ് റസാഖ്, ജില്ലാ എജുക്കേഷന്‍ മീഡിയ ഓഫീസര്‍ പി.എ സന്തോഷ് കുമാര്‍, വടക്കഞ്ചേരി സാമൂഹ്യ ആരോഗ്യ കേന്ദ്രം ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എം. നാരായണന്‍, ജനപ്രതിനിധികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് ശരവണന്‍ പാലക്കാടിന്റെ വെന്‍ഡ്രിലോക്കിസവും മാജിക് ഷോയും നടന്നു.