*സംസ്ഥാന തല പ്രവേശനോൽസവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
അടിസ്ഥാന സൗകര്യങ്ങളൊരുക്കി കേരളത്തിന്റെ പൊതു വിദ്യാഭ്യാസ മേഖലയെ ലോക നിലവാരത്തിലേക്കുയർത്തുകയാണ് സർക്കാർ ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്‌കൂൾ പ്രവേശനോൽസവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മലയിൻകീഴ് ജിഎൽപിബി സ്‌കൂളിൽ നടന്ന ചടങ്ങിൽ നവാഗതർക്ക് മുഖ്യമന്ത്രി സമ്മാനങ്ങൾ വിതരണം ചെയ്യുകയും സ്‌കൂളിലെ പുതിയ മന്ദിരം നാടിന് സമർപ്പിക്കുകയും ചെയ്തു. കഴിഞ്ഞ ഏഴ് വർഷമായി നടത്തിയ പൊതു വിദ്യാഭ്യാസ സംരക്ഷണ യഞ്ജം കേരളത്തിലാകെയുള്ള വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളിൽ മാറ്റമുണ്ടാക്കിയതായി മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
ഒന്നാം ക്ലാസിൽ പ്രവേശിക്കുന്നവർക്ക് പുതിയ അന്തരീക്ഷവുമായി ഇണങ്ങുന്നതിന് താമസം നേരിടുക സ്വാഭാവികമാണ്. എന്നാൽ ഇന്ന് വിശിഷ്ട വ്യക്തികളായാണ് നവാഗതർ എത്തുന്നത്. ഈ പ്രവേശനോത്സവത്തിൽ ആഹ്ലാദകരമായ ചുറ്റുപാടിൽ കൈ നിറയെ സമ്മാനങ്ങളുമായി എത്തുന്ന വിദ്യാർഥികളിൽ മനോവിഷമം കാണുന്നില്ല. പൊതു വിദ്യാഭ്യാസ രംഗത്തുണ്ടായ മാറ്റം കുഞ്ഞു മനസിലടക്കം സന്തോഷവും ഉണർവും സൃഷ്ടിച്ചത് കാണാൻ കഴിയും. ഇത് കേരളത്തിന്റെ പ്രത്യേകതയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പല പ്രയാസങ്ങൾ അനുഭവിച്ച വിദ്യാലയങ്ങൾ സംസ്ഥാനത്തുടനീളമുണ്ടായിരുന്നു. കാലപ്പഴക്കം മൂലവും അറ്റകുറ്റപ്പണി നടത്താതെയും അപകടാവസ്ഥയിലായിരുന്ന വിദ്യാലയങ്ങളായിരുന്നു പലതും. എന്നാൽ ഈ സർക്കാർ അധികാരമേറ്റതിനു ശേഷം മികച്ച കെട്ടിടങ്ങളും ഇരിപ്പിടങ്ങളും സജ്ജീകരിച്ചു.
ആയിരക്കണക്കിന് കോടി രൂപ ചെലവഴിച്ചാണ് പദ്ധതികൾ പൂർത്തിയാക്കിയത്. ഈ നാടും നാട്ടുകാരും പൂർവ വിദ്യാർത്ഥികളും അദ്ധ്യാപകരും എസ്.എം.സി. യും ഈ പ്രവർത്തനത്തിൽ സർക്കാരിനൊപ്പം അണിനിരന്നു. 5 ലക്ഷം പേർ കൊഴിഞ്ഞു പോയ പൊതു വിദ്യാലയങ്ങൾ വല്ലാത്ത നീറ്റലായിനിന്ന കാലത്തുനിന്നു വിദ്യാർത്ഥികൾ പൊതു വിദ്യാലയങ്ങളിലേക്ക് തിരികെയെത്തുന്ന സാഹചര്യം കഴിഞ്ഞ ഏഴ് വർഷം കൊണ്ടുണ്ടായി. അവർക്കെല്ലാം പാഠ പുസ്തകങ്ങളും യൂണിഫോമും കൃത്യമായി വിതരണം ചെയ്യാനും സാധിക്കുന്നു. കരുതലോടെയാണ് വിദ്യാഭ്യാസ മേഖലയെ സംസ്ഥാന ഗവൺമെന്റ് കാണുന്നത്. അക്കാദമിക തലത്തിലും ഈ മാറ്റം നമുക്ക് കാണാൻ കഴിയും. ലാബ്, ലൈബ്രറി, സ്മാർട്ട് റൂം എന്നിവ സജ്ജമാക്കി.
കോവിഡ്കാലത്തെ ഓൺലൈൻ വിദ്യാഭ്യാസത്തിനു യോജ്യമായ സൗകര്യങ്ങളും അക്കാദമിക സാഹചര്യവും സൃഷ്ടിച്ചു. മലയോര ആദിവാസിമേഖലകളിലടക്കം ഈ സൗകര്യം ലഭ്യമാക്കി പ്രതിബന്ധങ്ങളിലും പൊതുവിദ്യാഭ്യാസ രംഗത്തെ സംരക്ഷിച്ചു.
അധ്യാപകർക്ക് കൂടുതൽ ഉത്തരവാദിത്തമുള്ള കാലത്തു കൂടിയാണ് നാം കടന്നു പോകുന്നത്. അക്കാദമിക നിലവാരത്തോടൊപ്പം വിദ്യാർത്ഥികളുമായി ആത്മബന്ധം നിലനിർത്താനും അധ്യാപകർ ശ്രദ്ധിക്കണം. വിദ്യാർത്ഥികളിലെ മാറ്റങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ച് അതിനനുസൃതമായ പരിഹാരങ്ങൾ നിർദേശിക്കാൻ അധ്യാപകർക്ക് കഴിയണം. മെന്റർഷിപ്പ് അടക്കമുള്ള പരിപാടികൾ നടപ്പിലാക്കുന്നത് ഇതിന്റെ ഭാഗമാണ്.
അറിവ് സമ്പാദിക്കാനുള്ള എല്ലാ സൗകര്യവും ഗവൺമെന്റ് ഉറപ്പ് നൽകുന്ന ഈ സാഹചര്യത്തിൽ നല്ല രീതിയിൽ വിദ്യാഭ്യാസ കാലഘട്ടത്തെ വിദ്യാർത്ഥികൾ ഉപയോഗിക്കണം. നല്ലതിനൊപ്പം ചേരാനും നല്ലതല്ലാത്തത് തിരിച്ചറിയാനും വിദ്യാർത്ഥികൾക്ക് കഴിയണം. ലഹരിയടക്കമുളള സാമൂഹിക തിന്മകളെ ജീവിതത്തിൽ നിന്നൊഴിവാക്കി സാമൂഹിക പ്രതിബദ്ധതയുള്ളവരായി വളർന്നു വരാൻ കഴിയണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
അറിവും കഴിവും ആത്മവിശ്വാസവും കുട്ടികളിൽ വളർത്തുന്നതോടൊപ്പം പരസ്പര സഹകരണവും സഹവർത്തിത്തവും നീതിയും ജനാധിപത്യവും മതനിരപേക്ഷതയും ജീവിത രീതിയാക്കുന്ന സമൂഹത്തെ വളർത്തി എടുക്കാനുള്ള വിദ്യാഭ്യാസമാകണം നാം ലക്ഷ്യമിടേണ്ടതെന്ന് അധ്യക്ഷ പ്രസംഗത്തിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻ കുട്ടി പറഞ്ഞു. പ്ലാൻ ഫണ്ടും, ഇതര ഫണ്ടുകളും പ്രയോജനപ്പെടുത്തി 1500 കോടി രൂപ ചെലവിൽ ആയിരത്തി മുന്നൂറോളം സ്‌കൂളുകൾക്ക് ഭൗതിക സൗകര്യ വികസനം ഒരുക്കാൻ സംസ്ഥാന ഗവൺമെന്റിനായെന്നും അദ്ദേഹം വ്യക്തമാക്കി.
ചടങ്ങിൽ 2023 – 24 അദ്ധ്യയന വർഷത്തെ കലണ്ടർ മന്ത്രി വി ശിവൻ കുട്ടി പ്രകാശനം ചെയ്തു. മധുരം മലയാളം, ഗണിതം രസം കുട്ടിക്കൂട്ടം കൈപ്പുസ്തക പ്രകാശനം ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ. അനിൽ നിർവഹിച്ചു. ഹലോ ഇംഗ്ലീഷ് – കിഡ്‌സ് ലൈബ്രറി ബുക് സീരീസ് ഐ.ബി. സതീഷ് എം.എൽ.എ പ്രകാശനം ചെയ്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ വിശിഷ്ടാതിഥിയായി. പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് സ്വാഗതം ആശംസിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടർ എ ഷാനവാസ്, ജില്ലാ കളക്ടർ ജെറോമിക് ജോർജ്, നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് കെ പ്രീജ, മലയൻകീഴ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ വൽസല കുമാരി എന്നിവർ സംബന്ധിച്ചു. മന്ത്രി വി ശിവൻ കുട്ടിയുടെ നേതൃത്വത്തിൽ സ്‌കൂളിലെത്തിയ വിദ്യാർത്ഥികൾക്ക് മധുരം നൽകിയാണ് സ്വീകരിച്ചത്.
ഉദ്ഘാടന ചടങ്ങുകൾക്ക് മുൻപ് പ്രവേശനോത്സവ ഗാനത്തിന്റെ ദൃശ്യാവിഷ്‌ക്കാരം അരങ്ങേറി. ഇതിന് പുറമെ സ്‌കൂൾ തലത്തിലും ജില്ലാ തലത്തിലും പ്രത്യേകം പ്രവേശനോത്സവങ്ങൾ സംഘടിപ്പിച്ചു.