അക്ഷരമുറ്റത്ത് നിന്നും പഠനയാത്ര ആരംഭിക്കുന്ന പ്രവേശനോത്സവ ദിനത്തില്‍ അഡ്വ. പ്രമോദ് നാരായണ്‍ എം.എല്‍.എ സ്‌കൂളുകളില്‍ എത്തിയത് കുട്ടികള്‍ക്കുള്ള പുസ്തകങ്ങളുമായി.  സംസ്ഥാനത്ത് ആദ്യമായി കുട്ടികളുടെ വായനയെ വികസിപ്പിക്കാന്‍ അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ക്ലാസ് റൂം ലൈബ്രറികള്‍ എന്ന നൂതന  പദ്ധതിയുടെ ഭാഗമായാണ് പുസ്തകങ്ങള്‍ സമ്മാനങ്ങളാക്കി വിദ്യാലയങ്ങള്‍ സന്ദര്‍ശിച്ചത്. മിക്ക  സ്‌കൂളുകളിലും ലൈബ്രറികള്‍  ഉണ്ടെങ്കിലും അലമാരകളില്‍ പുസ്തകങ്ങള്‍ ഭദ്രമായി സൂക്ഷിക്കപ്പെടുകയാണ്.

വായനയ്ക്കായി പുസ്തകങ്ങള്‍ ഫലപ്രദമായി എല്ലാ സ്‌കൂളുകളിലും ഒരുപോലെ  ഉപയോഗിക്കപ്പെടുന്നില്ല എന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ്  പുതിയ ആശയം  റാന്നി നോളജ് വില്ലേജ് പദ്ധതിയുടെ ഭാഗമായി എം.എല്‍.എയുടെ നേതൃത്വത്തില്‍ ആവിഷ്‌കരിച്ചു നടപ്പാക്കിയത്. പതിനായിരം രൂപയുടെ പുസ്തകങ്ങളാണ് ഒരു സ്‌കൂളിലെ ക്ലാസ് റൂം ലൈബ്രറികള്‍ക്കായി എം.എല്‍.എ ഫണ്ടില്‍ നിന്നും തുക ചെലവഴിച്ച് വാങ്ങി നല്‍കുന്നത്. വിവിധ പുസ്തകോത്സവങ്ങളില്‍ നിന്നും എം.എല്‍.എ തന്നെ നേരിട്ട് തെരഞ്ഞെടുത്ത പുസ്തകങ്ങളും സ്വന്തം പുസ്തക ശേഖരത്തിനുള്ള പുസ്തകങ്ങളും ഇതിന്റെ ഭാഗമായി വിദ്യാലയങ്ങള്‍ക്ക് നല്‍കി. സ്‌കൂളില്‍ ഏതെങ്കിലും ഒരു സ്ഥലത്ത് സൂക്ഷിക്കുകയല്ല ഓരോ കുട്ടിയില്‍ നിന്നും പുസ്തകങ്ങള്‍ പരസ്പരം കൈമാറി എല്ലാ കുട്ടികള്‍ക്കും വായനയുടെ മധുരം എത്തിക്കലാണ് പദ്ധതിയുടെ ലക്ഷ്യം.

മലയാളത്തിലെ പ്രഗല്‍ഭരായ എഴുത്തുകാര്‍ ഒഎന്‍വിയും വൈക്കം മുഹമ്മദ് ബഷീറും സുഗതകുമാരിയും കുഞ്ഞുണ്ണി മാഷിനും ഒപ്പം ലോക സാഹിത്യത്തിലെ ക്ലാസിക്കുകളും കുഞ്ഞുകൈകളിലേക്ക് എത്തും. ചാള്‍സ് ഡിക്കന്‍സും, ചെക്കോവും ഷേക്സ്പിയറും എല്ലാം ഇനി കുട്ടികളുടെ കൂട്ടുകാരാകും. അഗ്നി ചിറകുകളും  മാക്ബത്തും, മൊബഡിക്കും എല്ലാം ഇനി  കുട്ടികളുടെ വായനയുടെ ലോകത്തെ അനുഭവങ്ങളായി മാറും. ഈ പദ്ധതി കുട്ടികളുടെ വായനയെ  നിത്യശീലമാക്കാന്‍ സഹായിക്കുമെന്നാണ് കരുതുന്നതെന്ന് എംഎല്‍എ പറഞ്ഞു. റാന്നി  എംഎസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കുട്ടികള്‍ക്ക് പുസ്തകങ്ങള്‍ കൈമാറി അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. പിടിഎ പ്രസിഡന്റ് ജോജോ കോവൂര്‍ അധ്യക്ഷനായി. മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍, സ്‌കൂള്‍ മാനേജര്‍ സക്കറിയ, ഹെഡ്മാസ്റ്റര്‍ ബിനോയ് കെ എബ്രഹാം, ഫാ. റജീഷ് സ്‌കറിയ മധുരം കോട്ട് എന്നിവര്‍ സംസാരിച്ചു.