ജില്ലാതല സ്‌കൂള്‍ പ്രവേശനോത്സവം മലമ്പുഴ ജി.വി.എച്ച്.എസ്.എസില്‍ നടന്നു

ഇന്ത്യയിലെ സ്‌കൂളുകളില്‍ 100 ശതമാനം ഇന്റര്‍നെറ്റ് ലഭ്യതയുള്ള ആദ്യത്തെ സംസ്ഥാനമായി കേരളം മാറുകയാണെന്ന് തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. അധ്യയനവര്‍ഷാരംഭത്തിന്റെ ജില്ലാതല പ്രവേശനോത്സവം മലമ്പുഴ ജി.വി.എച്ച്.എസ്.എസില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ആദ്യമായി സ്‌കൂളുകളിലേക്ക് എത്തുന്ന കുട്ടികളെ വരവേല്‍ക്കുന്നതിനായുള്ള പ്രവേശനോത്സവം എന്ന ആശയം കുട്ടികളുടെ മനോഭാവത്തിലും വിദ്യാലയ വര്‍ഷം ആരംഭിക്കുന്ന അന്തരീക്ഷത്തിലും വലിയ മാറ്റം ഉണ്ടാക്കിയിട്ടുണ്ട്. ഓരോ അധ്യയന വര്‍ഷത്തിലും കരഞ്ഞുകൊണ്ട് സ്‌കൂളുകളിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികളെയാണ് കാണുക. എന്നാല്‍ ഇന്നിവിടെ വളരെ സന്തോഷത്തോടെ ചിരിച്ചുല്ലസിച്ചാണ് ഓരോ വിദ്യാര്‍ത്ഥികളും എത്തിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

പ്രവേശനോത്സവം കൊണ്ടുവന്ന മാറ്റമാണ് അധ്യാന വര്‍ഷാരംഭത്തിലുള്ള വിദ്യാര്‍ത്ഥികളുടെ മുഖത്തെ സന്തോഷം. സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയില്‍ ഉണ്ടായിട്ടുള്ള വലിയ മാറ്റം കാണാനും അനുഭവിക്കാനും കഴിയുന്നതാണ്. 45,000 ക്ലാസ് മുറികള്‍ ഹൈടെക്കായി മാറി. പാഠപുസ്തകത്തെയും അധ്യാപകരെയും മാത്രം ആശ്രയിച്ചല്ല മള്‍ട്ടിമീഡിയ ഉപയോഗിച്ച് ഇന്ററാക്റ്റീവ് ആയിട്ടുള്ള ക്ലാസ് മുറികളിലാണ് കുട്ടികള്‍ ഇന്ന് പഠിക്കുന്നത്. സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയില്‍ ഏകദേശം 3200-ഓളം കോടി രൂപയാണ് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ചെലവഴിച്ചത്. അടിസ്ഥാന സൗകര്യ വികസനത്തിലുണ്ടായ കുതിപ്പ് കുട്ടികളുടെ ഫലത്തിലും കാണാന്‍ സാധിക്കുന്നുണ്ട്. ദേശീയ വിദ്യാഭ്യാസ ഗുണമേന്മ സൂചികയില്‍ നീതി അയോഗിന്റെ കണക്കില്‍ തുടര്‍ച്ചയായി ആറ് വര്‍ഷമായി കേരളം ഒന്നാമതാണ്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ മികച്ച ഗുണമേന്മയുള്ള വിദ്യാഭ്യാസം ലഭിക്കുന്നു എന്നത് സാധാരണക്കാരെ സംബന്ധിച്ചിടത്തോളം പ്രയോജനപ്രദമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.


മയക്കുമരുന്ന്, മാലിന്യം എന്നിങ്ങനെയുള്ള രണ്ട് വിപത്തുകള്‍ക്കെതിരെയുള്ള പോരാട്ടം കുട്ടികളില്‍ നിന്നും വേണം തുടങ്ങാന്‍. മിഠായിയും പലഹാരവുമായി മയക്കുമരുന്ന് മാഫിയകള്‍ കുട്ടികളെ ലക്ഷ്യമിട്ട് എത്തുമെന്നും അതുകൊണ്ടുതന്നെ രക്ഷിതാക്കളും അധ്യാപകരും ജാഗ്രത പാലിക്കുകയും കുട്ടികളെ ബോധവത്ക്കരിക്കുകയും മയക്കുമരുന്ന് മാഫിയകളുടെ സാന്നിധ്യം സ്‌കൂള്‍ പരിസരത്ത് ഉണ്ടെന്ന് ശ്രദ്ധയില്‍പ്പെട്ടാല്‍ അത് അധികൃതരെ അറിയിക്കുകയും വേണമെന്ന് മന്ത്രി നിര്‍ദേശിച്ചു. മാലിന്യമുക്തമാക്കുന്നതിന് വേണ്ടി വ്യക്തി ശുചിത്വം മാത്രമല്ല പരിസര ശുചിത്വത്തിന്റെയും പാഠം കുട്ടികളില്‍ നിന്ന് തുടങ്ങണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.എ. പ്രഭാകരന്‍ എം.എല്‍.എ അധ്യക്ഷനായ പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ സൗജന്യ യൂണിഫോമും പാഠപുസ്തകവും വിതരണം ചെയ്തു. ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര പത്താം ക്ലാസ്, പ്ലസ് ടു വിജയികളെ ആദരിച്ചു. മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാധിക മാധവന്‍, സ്ഥിരം സമിതി അധ്യക്ഷരായ ആര്‍. സുജാത, അഞ്ജു ജയന്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി.വി മനോജ് കുമാര്‍, സമഗ്ര ശിക്ഷാ കേരളം ഡി.പി.സി കെ. ജയപ്രകാശ്, ഡി.ഇ.ഒ ഇന്‍-ചാര്‍ജ് പി.കെ മണികണ്ഠന്‍, വിദ്യാകരണം കോ-ഓര്‍ഡിനേറ്റര്‍ ഡി. ജയപ്രകാശ്, കൈറ്റ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അജിതാ വിശ്വനാഥ്, അധ്യാപകര്‍, രക്ഷിതാക്കള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുത്തു.