കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സരസ വെങ്കടനാരായണ ഭാട്ടി സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു. രാജ്ഭവനിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. ജസ്റ്റിസ് എസ്.വി. ഭാട്ടിയെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചുകൊണ്ടുള്ള രാഷ്ട്രപതിയുടെ ഉത്തരവ് ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് ചടങ്ങിൽ വായിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും ചടങ്ങിൽ സന്നിഹിതനായിരുന്നു.

രാജ്ഭവൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മന്ത്രിമാരായ പി. രാജീവ്, കെ.എൻ. ബാലഗോപാൽ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ബിനോയ് വിശ്വം എംപി, ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് അമിത് റാവൽ, ജസ്റ്റിസ് അനു ശിവരാമൻ, ജസ്റ്റിസ് മേരി ജോസഫ്, ജസ്റ്റിസ് പി. സോമരാജൻ, ജസ്റ്റിസ് സി.എസ്. ഡയസ്, ജസ്റ്റിസ് ബെച്ചു കുര്യൻ ജോസഫ്, ജസ്റ്റിസ് പി. ഗോപിനാഥ്, ജസ്റ്റിസ് വിജു എബ്രഹാം, ജസ്റ്റിസ് ബസന്ത് ബാലാജി, ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് ജെ. ചലമേശ്വർ, ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത്, അഡിഷണൽ ചീഫ് സെക്രട്ടറിമാരായ ഡോ. വി. വേണു, ശാരദ മുരളീധരൻ, എ.ജി.ഡി.പി. അജിത് കുമാർ, മുഖ്യ വിവരാവകാശ കമ്മീഷണർ ഡോ. വിശ്വാസ് മേത്ത, നിയമ സെക്രട്ടറി വി. ഹരിനായർ, ചീഫ് ജസ്റ്റിസിന്റെ കുടുംബാംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.