*ജില്ലാതല പ്രവേശനോത്സവം വർണാഭമാക്കി ചേലക്കര എസ് എം ടി സ്കൂൾ
സംസ്ഥാന സർക്കാർ ഏഴു വർഷത്തിനുള്ളിൽ 3800 കോടി രൂപ സ്കൂളുകളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താൻ ചെലവഴിച്ചതായും കുട്ടികളുടെ അഭിരുചിക്കനുസരിച്ച് വിദ്യാഭ്യാസരംഗം ഗുണപരമായി മാറുകയാണെന്നും ദേവസ്വം, പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്കക്ഷേമ പാർലമെന്ററികാര്യ മന്ത്രി കെ രാധാകൃഷ്ണൻ.
ചേലക്കര ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാതല പ്രവേശനോത്സവവും ഒന്നര കോടി രൂപ ചെലവിൽ നിർമ്മിച്ച പുതിയ എൽ.പി. സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

പ്രവേശനോത്സവം എല്ലാ കുട്ടികളും സന്തോഷത്തോടെ സ്കൂളിലേക്ക് വരാൻ ഇടയാക്കി. ഏഴ് വർഷം കൊണ്ട് സ്കൂളുകളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തിയതോടെ വിജയ ശതമാനം ഉയർന്നു. ഡിജിറ്റൽ സൗകര്യങ്ങൾ ഇപ്പോൾ എല്ലാ സ്കൂളുകളിലുമുണ്ടെന്നും മന്ത്രി പറഞ്ഞു.
സമൂഹത്തിലെ തെറ്റായ പ്രവണതകൾക്കെതിരെ പ്രവർത്തിക്കാൻ കഴിയുന്ന മേഖലയാണ് വിദ്യാഭ്യാസ മേഖല. മദ്യവും മയക്കുമരുന്നും പോലുള്ള തിന്മകൾക്കെതിരെ ഏറ്റവും നന്നായി പ്രവർത്തിക്കാൻ സ്കൂളുകൾക്ക് കഴിയും. വിദ്യാഭ്യാസം വഴി നല്ലൊരു സമൂഹസൃഷ്ടി സാധ്യമാകണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

എസ് എസ് കെ സ്പെഷ്യൽ അധ്യാപകരുടെ നേതൃത്വത്തിൽ മുരുകൻ കാട്ടാക്കട എഴുതിയ പ്രവേശനോത്സവം ഗീതം ആലപിച്ചു. വർണ്ണങ്ങൾ വാരി വിതറി, കുട്ടികളെ അക്ഷര കിരീടങ്ങൾ നൽകി ആനയിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
ചേലക്കര ജി. എൽ. പി.സ്കൂളിൽ ക്ലാസ്സ് മുറികൾ, ടോയ്‌ലറ്റ് , കിച്ചൻ എന്നിവ അടക്കം ഒന്നരക്കോടി രൂപ ചിലവിൽ നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി കെ. രാധാകൃഷ്ണൻ നിർവഹിച്ചു.

പൊതുമരാമത്ത് എക്സിക്യുട്ടിവ് എഞ്ചിനീയർ ബിജി കെ. വി. റിപ്പോർട്ട് അവതരിപ്പിച്ചു. സ്കൂൾ പണിത കോൺട്രാക്ടർ നാരായണ പിഷാരടിയെ ചടങ്ങിൽ മന്ത്രി ആദരിച്ചു.
പ്രതിഭകൾക്കുള്ള ആദരം ഇൻറർനാഷനൽ ട്രിപ്പിൾ ജംപറായ എൻ വി ഷീന, ഗോൾഡ് മെഡൽ ജേതാവ് ആൻസ് മരിയ മാത്യൂ, സ്റ്റെപ്പ്സ്‌ സംസ്ഥാന വിജയി കെ വി അശ്വിൻ, ടാലന്റ് സർച്ച് വിജയി എം എസ് അർജുൻ എന്നിവർക്ക്‌ മന്ത്രി സമ്മാനിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി കെ ഡേവിസ് മാസ്റ്റർ അധ്യക്ഷനായ ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ എം അഷറഫ്, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം കെ പത്മജ, ജില്ലാ പഞ്ചായത്ത് അംഗം കെ ആർ മായ ടീച്ചർ, ബ്ലോക്ക് ഉപാധ്യക്ഷ പി പ്രശാന്തി, പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ പി ശ്രീജയൻ, എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബസന്ത് ലാൽ, ചേലക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എച്ച് ഷലീൽ, ചേലക്കര പഞ്ചായത്ത് അംഗങ്ങളായ ജാനകി ടീച്ചർ, ടി ഗോപാലകൃഷ്ണൻ, തൃശൂർ എഡി ലിസി ജോസഫ്, കൈറ്റ് ജില്ലാ കോർഡിനേറ്റർ അഷറഫ് എം, ചാവക്കാട് ഡിഇഒ അജിത കുമാരി, വടക്കാഞ്ചേരി എഇഒ മൊയ്തീൻ എ, ചേലക്കര എസ് എം ടി ജി എച്ച് എസ് എസ് പ്രിൻസിപ്പൽ സുനിത എൻ, മുൻ പ്രധാനാധ്യാപിക പി ജി ശോഭന എന്നിവർ ആശംസകൾ നേർന്നു. ഡിഡിഇ ഇൻചാർജ് എസ് ഷാജി സ്വാഗതവും ഹെഡ്മിസ്ട്രസ്സ് കെ കെ സുമ നന്ദിയും പറഞ്ഞു.