ജില്ലയിൽ വ്യത്യസ്തമായ ഒരു പ്രവേശന ഉത്സവം ഒരുക്കി എടവനക്കാട് ഗ്രാമപഞ്ചായത്ത്. ഭിന്നശേഷിക്കാരായ കുട്ടികൾക്കായി ഒരുക്കിയ തണൽ ബഡ്സ് സ്പെഷ്യൽ സ്കൂളിലെ പ്രവേശനോത്സവമാണ് ഇത്തരത്തിൽ ശ്രദ്ധ നേടിയത്. കൈയ്യിൽ പൂക്കളും ബലൂണും,വർണ്ണ കടലാസുകളുമായി വിദ്യാർത്ഥികൾ ‘തണൽ’ സ്കൂളിൽ പ്രവേശിച്ചു. ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് നിർവഹിച്ചു.

എറണാകുളം ജില്ലയിലെ എല്ലാ പഞ്ചായത്തിലും ബഡ്സ് സ്കൂൾ തുടങ്ങുന്നതിനുള്ള പ്രവർത്തനമാരംഭിച്ചുവെന്നും തണൽ സ്കൂളുകൾക്ക് പ്രത്യേക പരിഗണന നൽകുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

സമൂഹത്തിൽ വിഷമതകൾ അനുഭവിക്കുന്ന സ്ത്രീകൾക്കും, ഭിന്നശേഷിക്കാരായ കുട്ടികളെയും, ഉയർന്ന പ്രായമുള്ളവരെയും സ്കൂൾ സമയങ്ങളിൽ സംരക്ഷണം ഏറ്റെടുത്തുകൊണ്ടാണ് തണൽ ബഡ് സ്കൂളിന്റെ പ്രവർത്തനം ഈ അധ്യയന വർഷം മുതൽ ആരംഭിക്കുന്നത്. ഭിന്നശേഷിക്കാരായ കുട്ടികളെ പരിപാലിക്കുന്നതിനാൽ മറ്റ് ജോലിക്ക് ഒന്നും പോകാൻ കഴിയാതെയും മറ്റും വിഷമതകൾ അനുഭവിക്കുന്ന അമ്മമാർക്ക് സഹായകമാകുന്ന വിധത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

സുനാമി മ്യൂസിയത്തിന് വേണ്ടി പഞ്ചായത്ത് പണിത യുപി സ്കൂളിന് പരിസരത്തുള്ള കെട്ടിടത്തിലാണ് തണൽ ബഡ്സ് സ്കൂളിന്റെ പ്രവർത്തനം. സ്കൂളിന്റെ പ്രവർത്തനത്തിന് വേണ്ടി ഒരു അധ്യാപികയെയും ആയയെയും സ്കൂളിൽ നിയമിച്ചിട്ടുണ്ട്.കൂടാതെ വിദ്യാർത്ഥികൾക്ക് വേണ്ടി വാഹന സൗകര്യവും പഞ്ചായത്ത് ഒരുക്കിയിട്ടുണ്ട്.

നിലവിൽ 16 വിദ്യാർത്ഥികളാണ് ഉള്ളത്. രാവിലെ 9.30 മുതൽ വൈകുന്നേരം 3.30 വരെയാണ് സ്കൂളിന്റെ പ്രവർത്തനം. എടവനക്കാട് യു.പി സ്കൂളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസീന അബ്ദുൽസലാം അധ്യക്ഷ വഹിച്ചു.പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ഉഷാറാണി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.ബി സാബു , വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഡോണോ മാസ്റ്റർ, എടവനക്കാട് സർവീസ് ബാങ്ക് പ്രസിഡന്റ് ടി.എ ജോസഫ്, കുടുംബശ്രീ ജില്ലാ കോഡിനേറ്റർ ടി എം റെജീന തുടങ്ങിയവർ പങ്കെടുത്തു.