*വലിച്ചെറിയല്‍ മുക്ത ഗ്രാമപഞ്ചായത്തായി രായമംഗലം

*തുടർ നടപടികൾ ശക്തമാക്കും

രണ്ടാം നവകേരളം കര്‍മ്മപദ്ധതി ‘വലിച്ചെറിയല്‍ മുക്ത കേരളം’ ക്യാമ്പയിന്‍റെ ഭാഗമായി രായമംഗലം ഗ്രാമപഞ്ചായത്തിനെ വലിച്ചെറിയൽ മുക്തപഞ്ചായത്തായി പ്രഖ്യാപിച്ചു. വലിച്ചെറിയല്‍ മുക്തപഞ്ചായത്തായി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിവിധയിടങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചിരുന്നു. പ്രധാനമായും പഞ്ചായത്ത്‌ പരിധിയിലെ പൊതു ഇടങ്ങളും മാര്‍ക്കറ്റുകളുമാണ് മാലിന്യം നീക്കം ചെയ്ത് വൃത്തിയാക്കിയത്.

പഞ്ചായത്തിനെ മാലിന്യ വിമുക്തമാക്കാൻ ശക്തമായ തുടർ നടപടികളും അധികൃതർ ആവിഷ്കരിച്ചിട്ടുണ്ട്. പഞ്ചായത്തിലെ എല്ലാ വാർഡുകളിലും ഹരിത കർമ്മസേന സജീവമായി പ്രവർത്തിച്ചു വരുന്നു. മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്നത് തടയാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും. നിലവിൽ മാലിന്യങ്ങള്‍ നിയമവിരുദ്ധമായി നിക്ഷേപിക്കുകയോ, വലിച്ചെറിയുകയോ ചെയ്യുന്നവർക്കെതിരെ പഞ്ചായത്ത്‌ നടപടികൾ സ്വീകരിക്കുകയും പിഴ ചുമത്തുകയും ചെയ്യുന്നുണ്ട്. അനധികൃത ഫ്ലക്സ് ബോർഡുകൾ നീക്കുന്ന നടപടികളും സ്വീകരിച്ചു വരുന്നു.

തുടർന്നും കുറ്റകാര്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും വലിച്ചെറിയല്‍ മുക്തപഞ്ചായത്ത് പദവി നിലനിര്‍ത്തുന്നതിന്‍റെ ഭാഗമായി പഞ്ചായത്തിലെ പ്രധാന ഇടങ്ങളില്‍ സി.സി ടി. വി ക്യാമറകള്‍ സ്ഥാപിക്കുമെന്നും ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്‍റ് എൻ. പി അജയകുമാർ പറഞ്ഞു.