നായരമ്പലം കരുണ സ്പെഷ്യൽ സ്‌കൂളിലെ പ്രവേശനോത്സവം വേറിട്ടതായി. 15 വർഷമായി ഈ സ്‌കൂളിലെ വിദ്യാർഥിയായ ഐ ജി റോഷൻ ലോക സ്പെഷ്യൽ ഒളിംപിക്‌സിൽ പങ്കെടുക്കുന്ന ഇന്ത്യൻ ഫുട്ബോൾ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിന്റെ ആഹ്ളാദം നിറം ചാർത്തുന്നതായി പ്രവേശനോത്സവം. റോഷന് യാത്രാമംഗളം നേർന്നു ആദരമൊരുക്കിയ പരിപാടി കലാവതരണങ്ങളും മധുര വിതരണവും കൊണ്ട് ആഘോഷമായി.

പ്രവേശനോത്സവ, യാത്രാമംഗള സമ്മേളനം കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്‌തു. ഐ ജി റോഷനെ പൊന്നാടയണിയിച്ച് ആദരിച്ച അദ്ദേഹം പുരസ്‌കാരവും സമ്മാനിച്ചു. ജർമ്മനിയിലെ ബെർലിനിൽ നടക്കുന്ന ഒളിംപിക്‌സിൽ പങ്കെടുക്കാൻ വേണ്ട യാത്രാസഹായത്തിന് സംസ്ഥാന കായിക മന്ത്രാലയത്തെ സമീപിച്ചിട്ടുണ്ടെന്ന് എംഎൽഎ പറഞ്ഞു. സ്‌കൂൾ പ്രിൻസിപ്പലും, സ്പെഷ്യൽ ഒളിംപിക്‌സ് ഭാരതിന്റെ ജില്ലാ കോ-ഓർഡിനേറ്ററുമായ സിസ്റ്റർ വിമൽ ഗ്രെയ്‌സിനെയും സമ്മേളനത്തിൽ ആദരിച്ചു.

വാടേൽ സെന്റ് ജോർജ്ജ് ഇടവക സഹവികാരി ഫാ. ജിലു ജോസ് മുള്ളൂർ അധ്യക്ഷനായി. നായരമ്പലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നീതു ബിനോദ്, വൈസ് പ്രസിഡന്റ് ജോബി വർഗ്ഗീസ്, സിസ്റ്റർ വിമൽ ഗ്രെയ്‌സ്, ഡോ. ക്രിസ്റ്റി പെരേര, പിടിഎ പ്രസിഡന്റ് രാജേഷ് എന്നിവർ സംസാരിച്ചു.

ഈ മാസം 12 മുതൽ 27 വരെയാണ് ബെർലിനിൽ സ്പെഷ്യൽ ഒളിംപിക്സ് നടക്കുന്നത്. സിസ്റ്റർ വിമൽ ഗ്രെയ്‌സ്, കായിക പരിശീലകൻ ആസ്പ്രൻ റോണ റെമല്ലോ എന്നിവരുടെ പ്രോത്സാഹനമാണ് റോഷന് നേട്ടമൊരുക്കിയത്. വിവിധ ഘട്ടങ്ങളിലായി ഹരിയാന, ഗുജറാത്ത്, നോയിഡ എന്നിവിടങ്ങളിൽ നടന്ന ക്യാംപുകളിൽ പങ്കെടുത്ത അറുനൂറിലധികം വിദ്യാർത്ഥികളിൽ നിന്നാണ് റോഷൻ തിരഞ്ഞെടുക്കപ്പെട്ടത്.

പെരുമ്പിള്ളി ഇത്തിപ്പറമ്പിൽ ഗലീലിയോയുടെയും ബേബിയുടെയും മകനായ റോഷൻ
ഈ മാസം ഏഴുമുതൽ മുതൽ 11 വരെ ഡൽഹിയിൽ നടക്കുന്ന ക്യാംപിനു ശേഷം 12 ന് ജർമ്മനിയിലേക്ക് യാത്രയാകും