നൂതനാശയങ്ങളും സംരംഭകത്വവും പ്രോൽസാഹിപ്പിക്കുന്ന നയമാണ് സംസ്ഥാന ഗവൺമെന്റിന്റേതെന്നും വിദ്യാർഥികളുടെ നൂതാനാശയങ്ങൾക്ക് പൂർണ പിൻതുണ നൽകുമെന്നും ഉന്നതവിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു പറഞ്ഞു. ബാർട്ടൺ ഹിൽ ഗവൺമെന്റ് എൻജിനിയറിങ് കോളേജിലെ വിദ്യാർഥി കൂട്ടായ്മയായ പ്രവേഗ രൂപ കൽപ്പന ചെയ്ത പ്രകൃതി സൗഹൃദ റേസിംഗ് കാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

ആഗോള താപനം രൂക്ഷമാകുന്ന കാലത്ത് ഹരിതോർജ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന പരിസ്ഥിതി സൗഹൃദ വാഹനം എന്ന ആശയം പ്രസക്തമാണ്. ബാറ്ററി സഹായത്തോടെ പ്രവർത്തിക്കുന്ന  വാഹനത്തിന്റെ ബോഡി മുള ഉൽപ്പന്നങ്ങൾ കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. സാമൂഹിക പ്രതിബദ്ധതയും മൗലികതയുമുള്ള വിദ്യാർത്ഥികളുടെ അദ്ധ്വാനമാണ് ഇതിന് പിന്നിലുള്ളതെന്ന് വ്യക്തമാണ്. നൂതനമായി തെരഞ്ഞെടുക്കപ്പെടുന്ന ആശയങ്ങൾ പ്രാവർത്തികമാക്കുന്നതിന്  കെ ഡിസ്‌കിനു കീഴിൽ ഇന്നവേറ്റിവ്  എന്റർപ്രണേഴ്സ് പ്രോഗ്രാം എന്ന സ്‌കീം നിലവിലുണ്ട്. 25 ലക്ഷം വരെ സാമ്പത്തിക സഹായം ലഭ്യമാകുന്ന ഈ അവസരം വിദ്യാർത്ഥികൾ പ്രയോജനപ്പെടുത്തണം.

 

നിരവധി അന്താരാഷ്ട്ര മൽസരങ്ങളിൽ വിജയികളായ ബാർട്ടൺ ഹിൽ സ്‌കൂളിലെ വിദ്യാർത്ഥികളുടെ ആശയ സാക്ഷാത്കാരത്തിന് ഗതാഗത വകുപ്പ് ധനസഹായം നൽകുന്നുവെന്നത് ശ്രദ്ധേയമാണ്. പ്രവർത്തിച്ചും ഉൾക്കൊണ്ടും പഠിക്കുക എന്ന ബോധനരീതി സാർവത്രികമാകുന്ന കാലഘട്ടത്തിൽ ഇത്തരം മാതൃകകൾ അനുകരണീയമാണ്. പരിസ്ഥിതി സൗഹൃദ റേസിംഗ് കാർ എന്ന ആശയത്തെ സാക്ഷാത്കരിച്ച വിദ്യാർഥികൾക്കും അധ്യാപകർക്കും അഭിനന്ദങ്ങൾ അറിയിക്കുന്നതായും മന്ത്രി പറഞ്ഞു.

ടെക്‌നിക്കൽ എജ്യുക്കേഷൻ ഡയറക്ടർ എം.എസ്. രാജശ്രീ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. ജി. ഷൈനി സ്വാഗതം ആശംസിച്ചു. വി. കെ. പ്രശാന്ത് എം.എൽ.എ, കൗൺസിലർ മേരി പുഷ്പം, അഡീഷണൽ ട്രാൻസ്‌പോർട്ട് കമ്മീഷണർ പ്രമോജ് ശങ്കർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.