തീരദേശ നിയന്ത്രണ മേഖലകളിലെ (സി.ആര്.ഇ സെഡ്) കെട്ടിട നിർമാണ അപേക്ഷകളുമായി ബന്ധപെട്ട സംശയനിവാരണത്തിനായി ഉണ്യാൽ ഫിഷറീസ് സബ് സെന്ററിൽ ശിൽപ്പശാല നടത്തി. കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. തീരദേശ പരിപാലന പ്ലാനിന്റെ കരടിന്മേല് ജില്ലയില് നിന്നുള്ള പൊതുജനങ്ങളുടെ പരാതികളും നിര്ദ്ദേശങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കുന്നതിനായി ജൂൺ 14ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന പബ്ലിക് ഹിയറിങിന്റെ ഭാഗമായാണ് ശിൽപ്പശാല സംഘടിപ്പിച്ചത്.
ഭൂമിയുടെ ക്രയവിക്രയം, പട്ടയം, ഭൂമി വികസനം, ഭൂമി മുറിച്ച് പ്ലോട്ടുകളാക്കുന്നതിനും സി ആർ ഇ സെഡ് അനുമതി ആവശ്യമില്ലെന്നും കെട്ടിടം പണിയുന്നതിന് മാത്രമാണ് സി ആർ ഇ സെഡ് അനുമതി ആവശ്യമെന്നും ശിൽപ്പശാലയിൽ അധികൃതർ അറിയിച്ചു.
പ്ലാനുകളിലും മറ്റ് സ്‌കാൻ ചെയ്ത് സമർപ്പിക്കുന്ന രേഖകളിലും റജിസ്റ്റേർഡ് എൻജിനീയർമാരുടേയോ ബിൽഡിങ് സൂപ്പർവൈസർമാരുടെയോ അപേക്ഷന്റേയോ ഒപ്പില്ലാതെയോ അല്ലെങ്കിൽ സങ്കേതം വഴി ടുഡി ബാർകോഡില്ലാതെയോ വരുന്ന അപേക്ഷകൾ നിയമസാധുത ഇല്ലാത്തതിനാൽ പരിഗണിക്കില്ലെന്നും അധികൃതർ പറഞ്ഞു. പരമാവധി സി ആർ ഇ സെഡ് അപേക്ഷകൾ നഗരസഭ, പഞ്ചായത്ത് തലത്തിൽ തന്നെ തീർപ്പാക്കുന്ന തരത്തിൽ അപേക്ഷകൾ കൈകാര്യം ചെയ്യണമെന്ന് ജനപ്രതിനിധികൾ ആവശ്യപ്പെട്ടു.
യോഗത്തിൽ വിവിധ പൊതുപ്രവർത്തകർ ഉന്നയിച്ച സംശയങ്ങൾക്ക് ഐ.കെ.എം സങ്കേതം പ്രൊജക്ട് മാനേജർ മഹേഷ് യു ഗോപാൽ, ടൗൺ പ്ലാനിങ് ഒദ്യോഗസ്ഥർ എന്നിവർ മറുപടി നൽകി. ജില്ലാ കളക്ടർ വി.ആർ പ്രേംകുമാർ അധ്യക്ഷത വഹിച്ചു. അഡീഷണൽ ഡിസ്ട്രിക് മജിസ്‌ടേറ്റ് എൻ.എം മെഹറലി, സബ് കളക്ടർ സച്ചിൻ കുമാർ യാദവ്, ഹാർബർ എൻജിനീയറിങ് വകുപ്പ് സൂപ്രണ്ടിങ് എൻജിനീയർ മുഹമ്മദ് അൻസാരി, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ബേബി ഷീജ കോവൂർ, സി ആർ സെഡ് മേഖലയിലെ വിവിധ നഗരസഭ, പഞ്ചായത്ത് അധ്യക്ഷർ, ജനപ്രതിനിധികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ടൗൺ പ്ലാനർ ഡോ. ആർ. പ്രദീപ് നന്ദി പറഞ്ഞു.