തൃക്കൂർ ഗ്രാമപഞ്ചായത്തിലെ കോനിക്കര നിവാസികളുടെ ദീർഘനാളുകളായുള്ള ആവശ്യമായിരുന്ന നേതാജി ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ ആദ്യഘട്ടം യാഥാർത്ഥ്യമായി. പദ്ധതിയുടെ ഉദ്ഘാടനം കെ കെ രാമചന്ദ്രൻ എംഎൽഎ നിർവഹിച്ചു.
കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നേതാജി ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി യാഥാർത്ഥ്യമായത്. ഇതോടെ 350 ഓളം കുടുംബങ്ങൾക്ക് പ്രധാനമായും നെൽകൃഷിക്ക് അടക്കം ആവശ്യമായ ജല ലഭ്യത ഉണ്ടാകും. നാലു തവണകളിലായി 20 ലക്ഷം രൂപയാണ് പദ്ധതിക്ക് ചെലവിട്ടത്.

നിലവിൽ ഒന്നര കിലോമീറ്റർ ദൂരത്തിൽ പൈപ്പിട്ടു. ബാക്കിവരുന്ന ഒന്നര കിലോമീറ്റർ ദൂരം കൂടി പൂർത്തീകരിക്കാൻ ആയാൽ 500 ഓളം കുടുംബങ്ങളുടെ കൃഷിക്കും മറ്റ് ആവശ്യങ്ങൾക്കുമുള്ള ജലദൗർലഭ്യത്തിന് പരിഹാരമാകും. മൂന്നുവർഷംകൊണ്ട് പദ്ധതി പൂർത്തീകരണത്തിൽ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.
കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷത വഹിച്ച യോഗത്തിൽ തൃക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈമൺ നമ്പാടൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീല മനോഹരൻ, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സജിത രാജീവ്, ബ്ലോക്ക് പഞ്ചായത്ത് അംഗം പോൾസൺ തേക്കുംപീടിക, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി ആർ അജയ്ഘോഷ് എന്നിവർ പങ്കെടുത്തു.