തെലങ്കാന ദിനം ഗവർണർ ഉദ്ഘാടനം ചെയ്തു.
ഏക ഭാരത് ശ്രേഷ്ഠ ഭാരതിൻ്റെ ഭാഗമായി സംഘടിപ്പിച്ച തെലങ്കാന ദിനാചരണം തൃശൂർ രാമനിലയത്തിൽ നടന്നു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആഘോഷം കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു.
കൊച്ചിയിൽ നിന്നുള്ള തെലങ്കാന കുടുംബങ്ങൾ ആഘോഷത്തിൽ പങ്കെടുക്കാനായി തൃശൂരിലെത്തി. പാട്ടും നൃത്തവും മറ്റു കലാപരിപാടികളും അരങ്ങേറി. ഗവർണർ കുട്ടികൾക്ക് മധുരം നൽകി.
വൈവിധ്യങ്ങളുടെ നാടാണ് ഇന്ത്യയെന്നും ആഘോഷങ്ങളാണ് നമ്മെ ചേർത്തുവെക്കുന്നതെന്നും ഗവർണർ പറഞ്ഞു. പല ഭാഷയും വേഷവും ആഘോഷങ്ങളും ആചാരങ്ങളും രാജ്യത്തുണ്ട്. അവയെല്ലാം മനുഷ്യനെ ഭിന്നിപ്പിക്കുന്നതിനു പകരം തമ്മിൽ ചേർത്തുവെക്കുന്ന കാഴ്ചയാണ് രാജ്യത്തുള്ളത്. ഇതിൽ ആഘോഷങ്ങൾക്ക് വലിയ പങ്കുണ്ട്. എല്ലാ ആഘോഷങ്ങളും നിറവുള്ളതാക്കി മാറ്റുന്നത് സ്ത്രീകളാണെന്നും ഗവർണർ പറഞ്ഞു.
ജില്ലാ കലക്ടർ വി ആർ കൃഷ്ണതേജ, സബ് കലക്ടർ മുഹമ്മദ് ഷഫീഖ്, അസിസ്റ്റൻ്റ് കലക്ടർ വി എം ജയകൃഷ്ണൻ, ഡെപ്യൂട്ടി കലക്ടർ എം സി ജ്യോതി, തൃശൂർ തഹസിൽദാർ ടി ജയശ്രീ തുടങ്ങിയവർ പങ്കെടുത്തു. ജൂൺ രണ്ട് തെലങ്കാന ദിനമായി ആചരിക്കുന്നതിൻ്റെ ഭാഗമായാണ് തൃശൂരിലും പരിപാടികൾ സംഘടിപ്പിച്ചത്.