നാഷണൽ ആയുഷ് മിഷൻ സർക്കാരിന്റെ വിളർച്ച മുക്ത പരിപാടിയുടെ ഭാഗമായി ഹീമോഗ്ലോബിനോ മീറ്റർ വിതരണവും പരിശീലനവും ആയുഷ് ഹെൽത്ത് നെസ്സ് സെന്ററുകൾക്കുള്ള ലാപ്ടോപ്പ് വിതരണവും നടന്നു. വിതരണോദ്ഘാടനം റിട്ട. ഡി എം ഒ സുധ ടി ജില്ലാ ആയുർവേദ ആശുപത്രിയിൽ നിർവഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജെസ്സി അധ്യക്ഷത വഹിച്ചു.

ജില്ലയിലെ 93 ആയുർവേദ സ്ഥാപനങ്ങളിലും സ്ത്രീകളിലെയും കുട്ടികളിലെയും വിളർച്ച കണ്ടെത്തി ചികിത്സിക്കുന്നതിനുള്ള അരുണിമ പദ്ധതിയുടെ ഭാഗമായാണ് പരിശീലനവും അനീമിയ നിർമാർജന ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചത്.

ഭൗതിക ഗുണനിലവാരത്തിൽ നാഷണൽ ക്വാളിറ്റി കൺട്രോൾ ബോർഡ് അക്രഡിറ്റേഷൻ നേടാനായി 21 ആയുർവേദ സ്ഥാപനങ്ങളും 16 ഹോമിയോപ്പതി സ്ഥാപനങ്ങളും ഉൾപ്പെടെ തെരഞ്ഞെടുത്ത 37 ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ്സ് സ്ഥാപനങ്ങളാണ് ജില്ലയിൽ ഒരുങ്ങുന്നത്.

ആശുപത്രികൾ രോഗീ സൗഹൃദമാക്കുന്നതിനായി രോഗികൾക്ക് ഇരിക്കാനുള്ള ഇരിപ്പിടം, ടോക്കൺ സിസ്റ്റം, രോഗികളുടെ സ്വകാര്യത ഉറപ്പുവരുത്തുന്ന പരിശോധനാമുറി, കുടിവെള്ളം, ഭിന്നശേഷിക്കാരായ ആളുകൾക്കായി പ്രത്യേക ശൗചാലയം എന്നിവ ഒരുക്കുന്നതിനൊപ്പം സേവനങ്ങളിലും എൻ എ ബിഎച്ച് മാനദണ്ഡങ്ങൾ പാലിക്കും. ഫാർമസികളുടെ നവീകരണം, രോഗികൾക്ക് മരുന്ന് ഉപയോഗം സംബന്ധിച്ച് വിശദീകരണം നൽകൽ, അടിസ്ഥാന ലാബ് പരിശോധനാ സൗകര്യങ്ങൾ, ആശുപത്രി സേവനം സംബന്ധിച്ചും രോഗികളുടെ അവകാശങ്ങൾ സംബന്ധിച്ചുമുള്ള ബോർഡുകൾ എന്നിവ ഒരുക്കും. ആശുപത്രിയിൽ എത്തുന്നവർക്കായി ദിശാ സൂചകങ്ങളും പരാതി/നിർദേശ പെട്ടിയും സ്ഥാപിക്കും. യോഗാ പരിശീലന പരിപാടിയും സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്നുള്ള പ്രവർത്തനങ്ങളും നടത്തും. ആശുപത്രി പ്രവർത്തനങ്ങൾ എല്ലാം ഡോക്യുമെന്റ് ചെയ്ത് എൻ എ ബി എച്ച് നിർദേശിക്കുന്ന മാനദണ്ഡങ്ങൾ പാലിച്ച് നൂറിൽ നൂറുമാർക്ക് നേടിയാണ് അക്രഡിറ്റേഷൻ ലഭിക്കുന്നത്. നിലവിൽ കെ എ എസ് എച്ച് അക്രഡിറ്റേഷൻ നേടിയ കേരളത്തിലെ ആറ് സ്ഥാപനങ്ങളിൽ ഒരു സ്ഥാപനം കുരുവട്ടൂർ ഗവ. ആയുർവേദ ഡിസ്പെൻസറിയാണ്.

പരിശീലന പരിപാടിക്ക് ട്രെയിനർ ജിഷ്ണു നേതൃത്വം നൽകി. നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അനീന ജിതേന്ദ്ര, ഓഫീസ് സൂപ്രണ്ട് വിനയൻ, ഡോ പ്രവീൺ കുമാർ കെ, ഡോ രാജേഷ് നീലമന തുടങ്ങിയവർ സംസാരിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ആയി വിരമിച്ച ഡോ. സുധ ടിക്ക് യാത്രയയപ്പും നൽകി.