വിദ്യാലയങ്ങൾ സർവ്വമത സാഹോദര്യത്തിന്റെ കേന്ദ്രങ്ങളാണെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ. വടകര നഗരസഭ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ (സ്പെയിസ്) ഭാഗമായി ടൗൺഹാളിൽ സംഘടിപ്പിച്ച അനുമോദന സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ജാതി,മത,വർഗ്ഗ,വർണ്ണ,വ്യത്യാസങ്ങൾ മാറ്റിവെച്ച് ഒരമ്മ പെറ്റ മക്കളെ പോലെയാണ് വിദ്യാലയങ്ങളിൽ കുട്ടികൾ പഠിക്കുന്നത്. അവിടെയാണ് ഭാരതം വിഭാവന ചെയ്യുന്ന മതേതര പരിശീലന കേന്ദ്രങ്ങൾ യാഥാർത്ഥ്യമാകുന്നതെന്നും മന്ത്രി പറഞ്ഞു.

പഠിക്കാൻ തോന്നുന്നതെല്ലാം പഠിക്കണം. ഇഷ്ടമില്ലെന്ന് തോന്നുന്നത് മാറ്റിവെക്കാൻ പാടില്ല. അതും പഠിക്കണം. ഓരോന്നും പഠിച്ച് ദൂഷ്യങ്ങളും നേട്ടങ്ങളും മനസ്സിലാക്കണം. പഠിച്ചും തിരുത്തിയും പരിശോധിച്ചുമാണ് പഠനവും സമൂഹവും മുന്നോട്ട് പോവുകയെന്നും മന്ത്രി പറഞ്ഞു. ഏതെങ്കിലും ഒന്നിനെ മാറ്റി നിർത്തുകയല്ല വേണ്ടതെന്നും എല്ലാം മനസ്സിലാക്കി ഏറ്റവും ശരിയേതാണെന്ന് മനസ്സിലാക്കി പഠിക്കുമ്പോഴാണ് സമൂഹം പരിഷ്ക്കരിക്കപ്പെടുകയുള്ളൂവെന്നും മന്ത്രി കൂട്ടിചേർത്തു.

ചടങ്ങിൽ വടകര നഗരസഭ ചെയർപേഴ്സൺ കെ.പി ബിന്ദു അധ്യക്ഷത വഹിച്ചു. എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ
നൂറ് ശതമാനം വിജയം കൈവരിച്ച സ്കൂളുകൾക്കുള്ള വടകര നഗരസഭയുടെ ഉപഹാരം മന്ത്രി കൈമാറി. ജി.എസ് പ്രദീപ് മോട്ടിവേഷൻ ക്ലാസ് നയിച്ചു. എസ് എസ് എൽ സി പരീക്ഷയിൽ വിജയിച്ച നഗരസഭയിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പ്ലസ് ടു പരീക്ഷയിൽ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കും മൊമന്റോകളും വിതരണം ചെയ്തു.

വടകര ആർ ഡി ഒ സി.ബിജു, അസീസ് മാസ്റ്റർ എന്നിവർ സംസാരിച്ചു. നഗരസഭ സ്റ്റാന്റിങ്ങ്‌ കമ്മിറ്റി അധ്യക്ഷൻമാരായ രാജിത പതേരി, എൻ.കെ പ്രഭാകരൻ, എ.പി പ്രജിത, എം ബിജു, സിന്ധു പ്രേമൻ , വടകര ഡി ഇ ഒ ഹെലൻ ഹൈസന്ത് മെൻഡോൺസ്, എ ഇ ഒ എം ബഷീർ, ബിപിസി വി.വി വിനോദ്, സ്പെയിസ് കോർഡിനേറ്റർ കെ.സി പവിത്രൻ മാസ്റ്റർ, ഇംപ്ലിമെന്റ് ഓഫീസർ ഗ്രീഷ്മ ടീച്ചർ എന്നിവർ സന്നിഹിതരായി.
നഗരസഭ വൈസ് ചെയർമാൻ പി സജീവ് കുമാർ സ്വാഗതവും നഗരസഭ സെക്രട്ടറി എൻ കെ ഹരീഷ് നന്ദിയും പറഞ്ഞു.