സാധാരണ കർഷകന് സാധ്യമാകുന്ന തരത്തിൽ ചെലവുകുറഞ്ഞ സാങ്കേതിക വിദ്യ വികസിപ്പിച്ചും സാമ്പത്തിക പിന്തുണ നൽകുന്നതിനുള്ള സ്ഥാപനങ്ങൾ ആരംഭിച്ചും കാർഷിക സർവകലാശാല കൃഷിയിൽ സംസ്ഥാനത്തെ സ്വയം പര്യാപ്തമാക്കണമെന്നു കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. തൃശൂർ വെള്ളാനിക്കരയിലെ കാർഷിക സർവകലാശാല ആസ്ഥാനത്ത് നടന്ന ബിരുദദാനസമ്മേളനത്തിൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു ആരിഫ് മുഹമ്മദ് ഖാൻ.

സർവകലാശാല കേന്ദ്രീകരിച്ച് 3000 കാർഷിക സ്റ്റാർട്ടപ്പുകൾ നിലവിലുണ്ട്. രാജ്യത്ത് കൂടുതലായി കാർഷിക സ്റ്റാർട്ടപ്പുകൾ ആരംഭിക്കേണ്ട സാഹചര്യവുമുണ്ട്. കാർഷിക സർവകലാശാലകളിൽ നടക്കുന്ന ഗവേഷണങ്ങൾ ഉദ്പാദന മികവിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. കൂടാതെ സാധാരണ കർഷകർക്ക് കൂടുതൽ അറിവ് പകർന്ന് നല്കുന്ന പരിശീലനങ്ങൾ നൽകുന്നതിലും ശ്രദ്ധിക്കണം – ഗവർണർ പറഞ്ഞു.

കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രിയും സർവകലാശാല പ്രോ. ചാൻസലറുമായ പി പ്രസാദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കാർഷിക സമ്പദ്ഘടനയിൽ വൻ കുതിച്ചുചാട്ടത്തിന് ഒട്ടനവധി സാങ്കേതിക വിദ്യകൾ സർവകലാശാലയുടെ സംഭാവന ചെയ്തിട്ടുണ്ട്. പരിസ്ഥിതി പഠന മേഖല അടിസ്ഥാനമാക്കിയുള്ള വിള നിർണ്ണയം, ബജറ്റിംഗ് എന്നിവയിൽ സർവകലാശാലയുടെ ഇടപെടലുകൾ കൂടുതലായി ഇനിയും ആവശ്യമുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

കാർഷിക മേഖലയ്ക്ക് ഭീഷണി ഉയർത്തുന്ന കാലാവസ്ഥ വ്യതിയാനം, വന്യമൃഗശല്യം തുടങ്ങിയ പ്രശ്നങ്ങളെ നേരിടാനുള്ള ഫലപ്രദമായ മാർഗ്ഗം സർവകലാശാല കണ്ടെത്തണം. നൂനത സാങ്കേതിക വിദ്യകളും ഡിജിറ്റൽ സാങ്കേതിക വിദ്യകളും കർഷകർക്ക് ലഭ്യമാക്കണം. ഇതിനു ആവശ്യമായ പ്രവർത്തനങ്ങൾ സർവകലാശാല ഭാഗത്തു നിന്ന് ഉണ്ടാകണം. കൃഷിസംഘങ്ങൾ കേന്ദ്രീകരിച്ച് 2026 ഓടു കൂടി മൂന്ന് ലക്ഷം തൊഴിലവസരങ്ങൾ കേരളത്തിൽ സൃഷ്ടിക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്. കാർഷിക സർവകലാശാല ബിരുദ വിദ്യാർത്ഥികൾക്കായി ഓൺലൈൻ പഠന പരമ്പര ആരംഭിക്കുകയാണെന്നും മന്ത്രി പ്രഖ്യാപിച്ചു.

കൃഷിയെ ബാധിക്കുന്ന നഷ്ടം കുറയ്ക്കാവുന്ന വിധമുള്ള സ്മാർട്ട് കൃഷി രീതികളാണ് മുന്നിൽ കാണേണ്ടത്. ശാസ്ത്ര സാങ്കേതിക വിദ്യയും തനതു കാർഷിക നിർദ്ദേശങ്ങളും സമന്വയിപ്പിച്ച് കാലാവസ്ഥ -സ്മാർട്ട് ഗ്രാമം എന്ന ആശയം രൂപീകരിക്കണമെന്നു ചടങ്ങിൽ വിശിഷ്ടാതിഥിയായ റവന്യൂ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ പറഞ്ഞു. വിത്തുവണ്ടിയും, ഗുണനിലവാരമുള്ള വിത്തുകളും, നടീൽ വസ്തുക്കളും കർഷകർക്ക് നൽകൽ തുടങ്ങിയ കാർഷിക സംരംഭങ്ങൾ സർവകലാശാലയുടെ പ്രശംസനീയ ഉദ്യമങ്ങളാണ്. പെരുകി വരുന്ന മനുഷ്യ – വന്യജീവി സംഘർഷങൾക്ക് ക്രിയാത്മകമായ പരിഹാരങ്ങൾ നിർദേശിക്കുന്നതിൽ സർവകാലശാലയ്ക്ക് കഴിഞ്ഞിട്ടുണ്ട്. സർവകലാശാലയിൽ ഫയൽ നീക്കം കലോചിതമാക്കി മാറ്റാൻ ഓൺലൈൻ ഫയൽ സംവിധാനം( ഇ- ഗവേർണൻസ് ) ഘട്ടംഘട്ടമായി നടപ്പിലാക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു.

804 പേർക്ക് ബിരുദത്തിന്റെയും 45 പേർക്ക് ബിരുദാനന്തര ബിരുദത്തിന്റെയും 87 പേർക്ക് ഡോക്ടറേറ്റിന്റെയും 148 പേർക്ക് ഡിപ്ലോമയുടെയും സര്‍ട്ടിഫിക്കറ്റുകൾ ചടങ്ങിൽ വിതരണം ചെയ്തു. ഇതുവഴി 1514 പേർക്കാണു ബിരുദം ലഭിച്ചത്. കൃഷിശാസ്ത്രത്തിലും അനുബന്ധ വിഷയങ്ങളിലും ഉയർന്ന മാർക്ക് നേടിയവർക്കുള്ള സ്വർണ്ണ മെഡലും ഡോ. എം ആർ ജി കെ നായർ മെമ്മോറിയൽ എൻഡോവ്മെന്റ് അവാർഡും ,ഫെമി ജോസ് മെമ്മോറിയൽ മെറിറ്റ് അവാർഡും, ഡോ. ടി പി മനോമോഹൻ ദാസ് മെമ്മോറിയൽ എൻഡോവ്മെന്റ് അവാർഡും വിതരണം ചെയ്തു.

2017, 2018 ബാച്ചുകളിൽ ബിരുദതലത്തിൽ ഉന്നത വിജയം നേടിയവർക്കായി സർവകലാശാല ഏർപ്പെടുത്തിയ “കെ എ യു സർദാർ പട്ടേൽ ഔട്ട് സ്റ്റാൻഡിങ്ങ് ഐ സി എ ആർ ഇൻസ്റ്റിറ്റ്യൂഷൻ ” അവാർഡും ക്യാഷ് പ്രൈസും വിദ്യാർത്ഥികൾക്ക് കൈമാറി.

ഇൻഡോ- അമേരിക്കൻ കാർഷിക ശാസ്ത്രജ്ഞനായ ഡോ പി കെ ആർ നായർക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ “ഹോണോറിസ് കോസ” നൽകി ആദരിച്ചു. കാർഷിക സർവകലാശാലയിൽ പുതിയതായി ആരംഭിക്കുന്ന ഡോക്ടറേറ്റ് ഡിഗ്രികൾ, ബിരുദ – ബിരുദാനന്തര ഡിഗ്രികൾ, ഡിപ്ലോമ – സർട്ടിഫിക്കറ്റ് കോഴ്സുകൾ, ഓൺലൈൻ ലക്ചർ സിരീസ് എന്നിവയുടെ പ്രഖ്യാപനവും കൃഷി മന്ത്രി നടത്തി.

വൈസ് ചാൻസലർ ഡോ. ബി അശോക്, ഡോ റോയ് സ്റ്റീഫൻ, ഡോ. പി ആർ ജയൻ, ഡോ. ഇ വി അനൂപ്, ഡോ. സക്കീർ ഹുസൈൻ, ഡോ. എസ് ഗോപകുമാർ തുടങ്ങിയവർ സന്നിഹിതരായി.