ദേശീയതലത്തില്‍ നടക്കുന്ന മത്സരങ്ങളില്‍ സംസ്ഥാനത്തെ ഒന്ന് മുതല്‍ പ്ലസ് ടു വരെ പഠിക്കുന്ന കുട്ടികളെ ഒന്നാമതെത്തിക്കുകയാണ് ലക്ഷ്യമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. ഇതിന് അനുയോജ്യമായ സൗകര്യങ്ങളും നയങ്ങളുമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. നവകേരളം കര്‍മ്മപദ്ധതി വിദ്യാകിരണം മിഷന്റെ ഭാഗമായി 2021-22 വര്‍ഷത്തെ പ്ലാന്‍ ഫണ്ടില്‍ നിന്ന് ഒരു കോടി രൂപ ഉപയോഗിച്ച് നിര്‍മിച്ച പരുതൂര്‍ ഗവ ജി.എല്‍.പി സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

സര്‍ക്കാര്‍ സ്‌കൂളുകളില്‍ എത്തുന്ന ഓരോ കുട്ടിയുടെയും എല്ലാ കാര്യങ്ങളിലും അധ്യാപകര്‍ക്ക് ശ്രദ്ധ ഉണ്ടാവണം. അതിനുള്ള ക്രമീകരണങ്ങളാണ് സര്‍ക്കാര്‍ ഒരുക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പരിപാടിയില്‍ തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് അധ്യക്ഷനായി.

തൃത്താലയില്‍ സര്‍ക്കാര്‍ നഴ്‌സിങ് കോളെജ് ഉടന്‍ ആരംഭിക്കുമെന്ന് തദ്ദേശസ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. പരുതൂര്‍ ഗവ ജി.എല്‍.പി സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

പുതിയ കെട്ടിടത്തിനായി സ്ഥലം കണ്ടെത്തിയിട്ടുണ്ട്. താത്ക്കാലിക പ്രവര്‍ത്തനത്തിന് കെട്ടിടം കണ്ടെത്തിക്കഴിഞ്ഞതായും ഡല്‍ഹിയില്‍ നിന്നുള്ള അനുമതി കിട്ടിയാല്‍ ഉടന്‍ കോളെജ് പ്രവര്‍ത്തനം തുടങ്ങുമെന്നും സമയബന്ധിതമായി പദ്ധതികള്‍ പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

പരിപാടിയില്‍ പരുതൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.പി.എം സക്കറിയ, ജില്ലാ പഞ്ചായത്ത് അംഗം കമ്മുക്കുട്ടി എടത്തോള്‍, തൃതല പഞ്ചായത്ത് ജനപ്രതിനിധികളായ ഷൈമ ഉണ്ണികൃഷ്ണന്‍, പി. സുധീര്‍, പി. രമണി, പട്ടാമ്പി സുജിത് കുമാര്‍, ബി.പി മനോജ്, ടി ശാന്തകുമാരി, പ്രധാനധ്യാപിക എ.കെ ശ്രീകല, പി.ടി.എ പ്രസിഡന്റ് കെ. പ്രതീഷ് ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.