പ്ലസ് വണ്‍ പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും തുടര്‍ പഠനത്തിന് സര്‍ക്കാര്‍ അവസരം ഒരുക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. മേഴത്തൂര്‍ ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 3.90 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പാഠപുസ്തകങ്ങള്‍ മാത്രമല്ല പഠനമെന്നും മാറിവരുന്ന അറിവിന്റെ ലോകം കുട്ടികള്‍ക്ക് എത്തിക്കുന്നതിനാണ് സ്‌കൂളുകളില്‍ സാങ്കേതിക സംവിധാനങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കുന്നതെന്നും മന്ത്രി പറഞ്ഞു. മികച്ച പഠനാന്തരീക്ഷം കുട്ടികളുടെ അവകാശമാണ്. സര്‍ക്കാര്‍ അത് ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

തൃത്താലയില്‍ ഫുട്‌ബോള്‍ സ്റ്റേഡിയം ഒരുക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷനായ തദ്ദേശസ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. മണ്ഡലത്തില്‍ അഞ്ച് ഏക്കര്‍ സ്ഥലം ലഭ്യമാക്കുന്ന മുറക്ക് പത്തു കോടി രൂപ ചെലവില്‍ അന്താരാഷ്ട്ര നിലവാരമുള്ള ഫുട്‌ബോള്‍ സ്റ്റേഡിയം ഒരുക്കും. തൃത്താലയുടെ വിദ്യാഭ്യാസ പുരോഗതിക്കായി ആവിഷ്‌കരിച്ച പദ്ധതിയുടെ ഭാഗമായി അടുത്തവര്‍ഷം മുതല്‍ എല്ലാ പഞ്ചായത്തിലും വിദ്യാര്‍ത്ഥികളെ സൗജന്യമായി നീന്തല്‍ പഠിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.പി റജീന, ജില്ലാ പഞ്ചായത്ത് അംഗം കമ്മുക്കുട്ടി എടത്തോള്‍, ജനപ്രതിനിധികളായ എ. കൃഷ്ണകുമാര്‍, ടി.വി സബിത, പത്തില്‍ അലി, ഡി.ഡി.ഇ പി.വി മനോജ് കുമാര്‍, പാലക്കാട് ഡി.ഇ.ഒ രമേശ് ബാബു, എസ്.എസ്.കെ ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ജയപ്രകാശ്, എ.ഇ.ഒ പി.വി സിദ്ദിഖ്, ബി.പി.സി കെ. പ്രസാദ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.