പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവ. കോളേജിലെ അശോകവനം പച്ചത്തുരുത്തില്‍ എന്‍.എസ്.എസ് വിദ്യാര്‍ത്ഥികള്‍ നൂറോളം തൈകള്‍ നട്ടു. കൂവളം, കൂവ, വെള്ള കൊടുവേലി, മുറികൂട്ടി, ഓരില, തിപ്പലി, തഴുതാമ, കറ്റാര്‍വാഴ, ശംഖുപുഷ്പം, ബ്രഹ്‌മി തുടങ്ങി മുപ്പത്തിയഞ്ച് ഇനങ്ങളിലായി നൂറ്റമ്പതോളം ഔഷധ ചെടികളാണ് രണ്ടാംഘട്ടത്തില്‍ ഇവിടെ നട്ടത്.

കോളേജിലെ മൊട്ടക്കുന്നായിരുന്ന തരിശിടങ്ങളില്‍ ജൈവ ഔഷധ സസ്യ ആവാസ ലോകത്തെ സൃഷ്ടിച്ചെടുക്കുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, വയനാട് ഹരിതകേരള മിഷന്‍ എന്നിവരുടെ ആഭിമുഖ്യത്തില്‍ ഗവ. കോളേജ് എന്‍.എസ്.എസ് യൂണിറ്റിന്റെ സഹകരണത്തോടെയാണ് ഔഷധ സസ്യ ഉദ്യാനം കോളേജില്‍ നിര്‍മ്മിച്ചത്. കലാലയത്തോട് ചേര്‍ന്നുള്ള പത്ത് സെന്റോളം സ്ഥലത്താണ് അശോക മരങ്ങളും ഔഷധ സസ്യങ്ങളും സ്ഥിതി ചെയ്യുന്നത്. എന്‍.എസ്.എസ് യൂണിറ്റ് പ്രോഗ്രാം ഓഫീസര്‍മാരായ വിനോദ് തോമസ്, ഡോ. നീരജ, നവകേരളം കര്‍മ്മ പദ്ധതി ഇന്റേണ്‍ വി. അനേഖ് കൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.