‘മാലിന്യമുക്തം നവകേരളം’ കാമ്പയ്ന്റെ ഭാഗമായി ഉപ്പുതറ ഗ്രാമപഞ്ചായത്തില്‍ തുമ്പൂര്‍മൂഴി യൂണിറ്റുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. പഞ്ചായത്തിലെ ജൈവമാലിന്യ പ്രശ്നത്തിന് പരിഹാരം കാണുക എന്ന ലക്ഷ്യവുമായി 10 തുമ്പൂര്‍മൂഴി യൂണിറ്റുകളാണ് പ്രവര്‍ത്തനമാരംഭിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് ജേക്കബ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സിനി ജോസഫ് അധ്യക്ഷത വഹിച്ചു.
ഉപ്പുതറ ടൗണ്‍ കേന്ദ്രീകരിച്ചുള്ള പഴം പച്ചക്കറി, മത്സ്യ വ്യാപാരം, ബേക്കറി, ഹോട്ടലുകള്‍, മറ്റ് ജൈവമാലിന്യ ഉല്‍പാദകരായ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും അനുബന്ധ വീടുകളില്‍ നിന്നും ജൈവമാലിന്യം ദിവസേന ഹരിത കര്‍മ്മ സേന അംഗങ്ങളുടെ നേതൃത്വത്തില്‍ രാവിലെ ആറുമണി മുതല്‍ ഏഴ് മണി വരെ ശേഖരിക്കും. തുടര്‍ന്ന് ഇവ കൃത്യമായി തുമ്പൂര്‍മൂഴി ജൈവമാലിന്യ സംസ്‌കരണ രീതിയുടെ സഹായത്തോടെ ജൈവവളമാക്കുകയാണ് ചെയ്യുക.
വാര്‍ഡ് അംഗങ്ങളായ സാബു വേങ്ങവേലില്‍, ജെയിംസ് തോക്കൊമ്പേല്‍, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി തോമസ് പി വി, നിര്‍വഹണ ഉദ്യോഗസ്ഥര്‍, ഹരിത കര്‍മ്മസേന അംഗങ്ങള്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.