റവന്യു വകുപ്പ് സേവനങ്ങള്‍ ഏറ്റവും ലളിവും വേഗത്തിലുമാക്കുന്നതിനായി രൂപീകരിക്കപ്പെട്ട വില്ലേജ് തല ജനകീയ സമിതികള്‍ ശാക്തീകരിക്കുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍ പറഞ്ഞു. റവന്യു വകുപ്പുമായി ബന്ധപ്പെട്ട എല്ലാ പരാതികളും ജനകീയ സമിതിയെ പൊതുജനങ്ങള്‍ക്ക് അറിയിക്കാം. വില്ലേജ് ഓഫീസിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പരാതിയുണ്ടെങ്കില്‍ ഇക്കാര്യങ്ങളും ജനകീയ സമിതിയുടെ ശ്രദ്ധയില്‍പ്പെടുത്താം. സംസ്ഥാനത്ത് വില്ലേജ് ഓഫീസ് മുതല്‍ സെക്രട്ടേറിയറ്റ് വരെയുള്ള ഓഫീസുകള്‍ നവംബര്‍ ഒന്നുമുതല്‍ സാങ്കേതികമായി ബന്ധിപ്പിക്കുകയാണ്. സമ്പൂര്‍ണ്ണമായി ഡിജിറ്റില്‍ ശൃംഖല വഴി ഒന്നിപ്പിക്കുന്നത് വഴി സേവനങ്ങള്‍ക്കായുള്ള ജനങ്ങളുടെ കാത്തിരിപ്പ് അവസാനിക്കും.
കേരളം മുഴുവന്‍ ഡിജിറ്റലായി അളക്കുന്നതിനുള്ള ഡിജിറ്റല്‍ സര്‍വെ സംസ്ഥാനത്ത് പുരോഗമിക്കുകയാണ്. കേരളത്തിന്റെ ഏറ്റവും വലിയ മുന്നേറ്റമായി ഈ സര്‍വെ മാറും. ഓരോരുത്തരുടെയും ഭൂമിയുടെ രേഖകള്‍ ഡിജിറ്റലാവുന്നതോടെ ഭൂമിയുടെ ഉടമസ്ഥാവകാശവും കൈമാറ്റവുമെല്ലാം സുതാര്യമാകും. ജനപ്രതിനിധികളുടെയും ജീവനക്കാരുടെയും പൊതുജനങ്ങളുടെയുമെല്ലാം കൂട്ടായ പരിശ്രമമാണ് റവന്യു വകുപ്പിന്റെ ദൗത്യങ്ങള്‍ കൃത്യമായി മുന്നേറുന്നതിന് വഴികാട്ടിയാവുന്നതെന്ന് റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍ പറഞ്ഞു.സബ് കളക്ടറുടെ പുതിയ ക്യാമ്പ് ഓഫീസ്, കളക്ടറേറ്റ് ഐ.പി.ബേസ്ഡ് ഇന്റര്‍കോം, ലാന്‍ നെറ്റ്വര്‍ക്ക്, അഡ്വ. ടി. സിദ്ദിഖ് എം.എല്‍.എ യുടെ പ്രത്യേക വികസന നിധിയില്‍ നിന്നും വില്ലേജ് ഓഫീസുകള്‍ക്ക് അനുവദിച്ച ഇലക്ട്രോണിക് ഉപകരണങ്ങളുടെ വിതരണം, കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാള്‍ ഹൈബ്രിഡ് വിഡിയോ കോണ്‍ഫറന്‍സിങ്ങ് സിസ്റ്റം എന്നിവയുടെ ഉദ്ഘാടനം ചടങ്ങില്‍ മന്ത്രി കെ. രാജന്‍ നിര്‍വ്വഹിച്ചു. വിവിധ പുരസ്‌കാരങ്ങളും സര്‍ട്ടിഫിക്കറ്റുകളും ചടങ്ങില്‍ വിതരണം ചെയ്തു. അഡ്വ. ടി. സിദ്ദിഖ് എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ജില്ലാ കളക്ടര്‍ ഡോ. രേണുരാജ്, കല്‍പ്പറ്റ നഗരസഭാ ചെയര്‍മാന്‍ മുജീബ് കേയംതൊടി, ഡിവിഷന്‍ കൗണ്‍സിലര്‍ ടി. മണി, എ.ഡി.എം. എന്‍.ഐ.ഷാജു, സബ് കളക്ടര്‍ ആര്‍. ശ്രീലക്ഷ്മി, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.