മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ 2023 ജൂണ്‍ 30 മുതല്‍ തൊഴില്‍ ആവശ്യപ്പെടുന്നത് മുതല്‍ വേതന വിതരണം വരെ പൂര്‍ണമായി ആധാര്‍ അധിഷ്ഠിതമായി നടപ്പിലാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതിയില്‍ തൊഴില്‍ ചെയ്തതിന്റെ വേതനം ആധാര്‍ ലിങ്ക് ചെയ്ത ബാങ്ക്/പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട് വഴി മാത്രമേ ഇനി മുതല്‍ ലഭ്യമാകൂ. അതിനാല്‍ ജില്ലയില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ജോലി എടുക്കുന്ന എല്ലാ തൊഴിലാളികളുടെയും ആധാര്‍ തൊഴിലുറപ്പ് പദ്ധതിയുടെ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. മുഴുവന്‍ തൊഴിലുറപ്പ് തൊഴിലാളികളും ജൂണ്‍ 20 ന് മുമ്പ് ആധാര്‍ കാര്‍ഡിന്റെ കോപ്പിയും മൊബൈല്‍ നമ്പറും സഹിതം അവരവരുടെ ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് വിഭാഗവുമായി ബന്ധപ്പെടണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.