നെന്മേനി ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മെന്‍സ്ട്രുവല്‍ കപ്പുകള്‍ വിതരണം ചെയ്തു. ‘പ്രകൃതിയോട് ഇണങ്ങി ആര്‍ത്തവ ശുചിത്വത്തിന്റെ പുതിയ അധ്യായം’ എന്ന മുദ്രാവാക്യവുമായി ‘മിത്ര’ എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത് 2024 പൂര്‍ത്തിയാകുന്നതിന് മുമ്പ് ഗ്രാമപഞ്ചായത്തിലെ എല്ലാ സ്ത്രീകള്‍ക്കും മെന്‍സ്ട്രുവല്‍ കപ്പ് എത്തിക്കുകയാണ് ലക്ഷ്യം. പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീല പുഞ്ചവയല്‍ നിര്‍വഹിച്ചു.

പഞ്ചായത്തിലെ സാമൂഹികാരോഗ്യ കേന്ദ്രങ്ങളുടേയും ഹിന്ദുസ്ഥാന്‍ ലാറ്റക്സ് ലിമിറ്റഡിന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യ ഘട്ടമായി എട്ട്‌ ലക്ഷം രൂപയുടെ കപ്പുകളാണ് വിതരണം ചെയ്യുന്നത്. നൂതന പദ്ധതി എന്ന നിലയില്‍ മെന്‍സ്ട്രുവല്‍ കപ്പിന്റെ ഉപയോഗം സൃഷ്ടിക്കുന്ന പരിസ്ഥിതി സൗഹൃദ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ശരീര ശുചിത്വത്തെക്കുറിച്ചും ബോധവത്ക്കരണം നടത്തും.

ഭൂരിപക്ഷം ആളുകളും ഉപയോഗ ശേഷം പാഡുകള്‍ വലിച്ചെറിയുകയോ കത്തിക്കുകയോ ചെയ്യുന്ന സാഹചര്യത്തില്‍ മെന്‍സ്ട്രുവല്‍ കപ്പുകള്‍ കാര്‍ബണ്‍ സന്തുലനത്തിന് ഗുണം ചെയ്യും. വൈസ് പ്രസിഡന്റ് റ്റിജി ചെറുതോട്ടില്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ സുജാത ഹരിദാസ്, കെ.വി ശശി, ജയ മുരളി, അംഗങ്ങളായ ദീപ ബാബു, ഷാജി പാടിപറമ്പ്, ഷാജി കോട്ടയില്‍, വിനോദിനി രാധാകൃഷ്ണന്‍, ബിന്ദു അനന്തന്‍, ബിജു ഇടയനാല്‍, മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ. വി.എസ് പ്രിന്‍സി, ഡോ. ഗീത, ഡോ. ഗാന സരസ്വതി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ആര്‍.കെ രജീഷ് തുടങ്ങിയവര്‍ സംസാരിച്ചു.