വയനാട്: പ്രളയാനന്തരം തകര്‍ന്ന വയനാടിന്റെ കാര്‍ഷിക മേഖലയെ തിരിച്ചുപിടിക്കാന്‍ പദ്ധതിയുമായി മലപ്പുറം കൊട്ടൂക്കര പാണക്കാട് പൂക്കോയത്തങ്ങള്‍ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍. മാനന്തവാടി കുഴിനിലത്ത് അഞ്ച് ഏക്കര്‍ നെല്‍പാടത്ത് നെല്‍ക്കൃഷിക്കും മറ്റു പച്ചക്കറി കൃഷിക്കും തുടക്കം കുറിച്ചാണ് കൂട്ടായ്മ തകര്‍ന്നടിഞ്ഞ വയനാടന്‍ കാര്‍ഷിക മേഖലക്ക് പുതുനാമ്പ് നല്‍കാന്‍ രംഗത്തെത്തിയത്. വിതക്കാം നന്മയുടെ വിത്തുകള്‍ എന്ന പദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നബീസ ഉദ്ഘാടനം ചെയ്തു.
വിതയ്ക്കാം നന്മയുടെ വിത്തുകള്‍, ഉപജീവനത്തിനൊരു കൈത്താങ്ങ്, ഇനി യാത്ര ഭദ്രമാവട്ടെ, കൂടൊരുങ്ങുന്നതുവരെ കൂട്ടാവാന്‍, മെഡി കെയര്‍, ശുചിത്വപാഠം, പുനരുദ്ധാരണം, കളിക്കൂട്ട് എന്നിങ്ങനെ എട്ടു പദ്ധതികള്‍ കാലവര്‍ഷക്കെടുതികള്‍ക്ക് ഇരകളായവരെ സഹായിക്കുന്നതിന് വിദ്യാലയം ആവിഷ്‌കരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ജില്ലയിലെ ദുരിതനിവാരണ പ്രവര്‍ത്തനങ്ങള്‍. വിതയ്ക്കാം നന്മയുടെ വിത്തുകള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് മാനന്തവാടി നിയോജക മണ്ഡലത്തിലെ കുഴിനിലത്ത് കര്‍ഷക കൂട്ടായ്മ മുഖേന കൃഷി നടത്തിയത്. കൂട്ടായ്മയില്‍ ഉള്‍പ്പെട്ട കര്‍ഷകര്‍ സ്വന്തം സ്ഥലങ്ങളിലാണ് കൃഷി നടത്തുക. ഇതിനാവശ്യമായ മുഴുവന്‍ ചെലവും വിദ്യാലയം വഹിക്കും. കൃഷിയിടത്തില്‍ ചെയ്യുന്ന ജോലിക്ക് കര്‍ഷകനു കൂലിയും നല്‍കും. മാനന്തവാടി നഗരസഭ അദ്ധ്യക്ഷന്‍ വി.ആര്‍. പ്രവീജ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ് അംഗം ഹുസൈന്‍ കുഴിനിലം, സ്ഥിരം സമിതി അദ്ധ്യക്ഷന്‍ കടവത്ത് മുഹമദ്, കൗണ്‍സിലര്‍മാരായ ജേക്കബ് സെബാസ്റ്റ്യന്‍, ഷീജ ഫ്രാന്‍സീസ്, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ അബ്ദുള്‍ മജീദ്, പി.ടി.എ വൈസ് പ്രസിഡന്റ് കെ.പി ഫിറോസ് തുടങ്ങിയവര്‍ സംസാരിച്ചു.