നെഹ്റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ കുടുംബശ്രീ മിഷന്റെ അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ സഹകരണത്തോടെ സിവില്‍ സ്റ്റേഷന്‍ പരിസരത്ത് മില്ലറ്റുകളുടെ ഏകദിന പ്രദര്‍ശനവും വിപണനവും സംഘടിപ്പിച്ചു. യുണൈറ്റഡ് നേഷന്‍ അംഗീകരിച്ച 2023 ഇന്റര്‍നാഷണല്‍ ഇയര്‍ ഓഫ് മില്ലറ്റിന്റെ ഭാഗമായി മിഷന്‍ലൈഫ് പ്രോഗ്രാമിന്റെ ഭാഗമായാണ് മേള സംഘടിപ്പിച്ചത്.

തിന, മുളയരി, മണിച്ചോളം, കുതിരവാലി, പൊരിച്ചീര, മക്കചോളം, റാഗി, വരഗ്, തിന, കുരുവി ചോളം, കമ്പ് തുടങ്ങിയ ചെറുധാന്യങ്ങളും ഹില്‍വാല്യൂ ബ്രാന്‍ഡ് ഉത്പന്നങ്ങളായ റാഗി, കമ്പ്, കുതിരവാലി, തിന എന്നിവയുടെ അവല്‍, ചാമ, വരഗ്, കുതിരവാലി, കമ്പ്, മണിച്ചോളം, തിന എന്നിവയുടെ റവ, കുടമ്പുളി, കുരുമുളക് തുടങ്ങിയവയാണ് വില്‍പനയ്ക്ക് എത്തിച്ചത്.

കൂടാതെ ചാമ പായസം, റാഗി അട, റാഗി പൊക്കാവട, മുരുക്ക്, പുട്ട്, കൊണ്ടാട്ടം എന്നിവയും മേളയില്‍ ഉണ്ടായിരുന്നു. സിവില്‍ സ്റ്റേഷന്‍ പരിസരത്ത് സംഘടിപ്പിച്ച പരിപാടി ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര ഉദ്ഘാടനം ചെയ്തു. ജില്ലാ യൂത്ത് ഓഫീസര്‍ സി. ബിന്‍സി, അക്കൗണ്ട്സ് ഓഫീസര്‍ എന്‍. കര്‍പകം, ഫാം പ്രോജക്ട് കണ്‍സള്‍ട്ടന്റ് അലിയാര്‍, മലേശ്വരം പ്രൊഡ്യൂസര്‍ മില്‍ ഭാരവാഹികള്‍, മധുവാണി മില്ലറ്റ് ഭാരവാഹികള്‍, നാഷണല്‍ യൂത്ത് വളണ്ടിയര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.