വായനപക്ഷാചരണത്തിന്റെ ഭാഗമായി ജില്ലയില്‍ വിപുലമായ പരിപാടികള്‍ നടത്താന്‍ എ.ഡി.എം.എന്‍.ഐ.ഷാജുവിന്റെ അദ്ധ്യക്ഷതയില്‍ കളക്ട്രേറ്റില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ജില്ലാഭരണകൂടം, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, ജില്ലാ ലൈബ്രറി കൗണ്‍സില്‍, വിദ്യാഭ്യാസ വകുപ്പ്, സാക്ഷരതാ മിഷന്‍, പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്‍ എന്നിവര്‍ ചേര്‍ന്നാണ് ജില്ലയില്‍ വായാനപക്ഷാചരണം നടത്തുക.
പി.എന്‍.പണിക്കര്‍ ചരമദിനമായ ജൂണ്‍ 19 ന് രാവിലെ 11 ന് കണിയാമ്പറ്റ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ജില്ലാ കളക്ടര്‍ ഡോ. രേണുരാജ് വായന പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിക്കും. എ.ഡി.എം എന്‍.ഐ.ഷാജു അദ്ധ്യക്ഷത വഹിക്കും. എഴുത്തുകാരന്‍ ഒ.കെ. ജോണി മുഖ്യ പ്രഭാഷണം നടത്തും. ഇതോടനുബന്ധിച്ച് വയനാട് ജില്ലയിലെ വായനശാലകളില്‍ എഴുത്തുകാര്‍ വായനശാലയിലേക്ക് പുസ്തക സംവാദ സദസ്സ് സംഘടിപ്പിക്കും.
19 ന് വൈകീട്ട് മൂന്നിന് അഞ്ചുകുന്ന് പൊതുജന വായനശാലയില്‍ പുസ്തക സംവാദ സദസ്സിന്റെ ജില്ലാതല ഉദ്ഘാടനം സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ എക്സിക്യൂട്ടിവ് അംഗം എ.ടി. ഷണ്‍മുഖന്‍ നിര്‍വ്വഹിക്കും. എഴുത്തുകാരി ഷീല ടോമി രചിച്ച വല്ലി എന്ന കൃതി നോവലിസ്റ്റിന്റെ സാന്നിധ്യത്തില്‍ ചര്‍ച്ച ചെയ്യും. വി.പി. ബാലചന്ദ്രന്‍ പുസ്തകാവതരണം നടത്തും. വായന പക്ഷാചരണത്തിന്റെ ഭാഗമായി സ്‌കൂളുകളില്‍ പുസ്തക പ്രദര്‍ശനം, ജി. ശങ്കരപ്പിള്ള അനുസ്മരണം, ഗ്രന്ഥശാലയില്‍ വായക്കുറിപ്പ് മത്സരം, ഉന്നത വിജയം നേടിയവരെ ആദരിക്കല്‍, ലഹരി വിരുദ്ധ സദസ്സ്, ഗ്രന്ഥലോകം ക്യാമ്പെയിന്‍, ഇടപ്പള്ളി രാഘവന്‍ പിള്ള അനുസ്മരണം പി. കേശവദേവ്, പൊന്‍കുന്നം വര്‍ക്കി, എന്‍.പി. മുഹമ്മദ് അനുസ്മരണം, ബാലവേദി വര്‍ണ്ണകൂടാരം, മുഹമ്മദ് ബഷീര്‍ അനുസ്മരണം, അമ്മവായന, ഐ.വി. ദാസ് അനുസ്മരണം തുടങ്ങിയവ നടക്കും.
സാക്ഷരതാമിഷന്റെ നേതൃത്വത്തില്‍ വായനാ പക്ഷാചരണത്തിന്റെ ഭാഗമായി തുല്യത്യാ പഠിതാക്കളുടെ സംഗമം വായന, എഴുത്ത്, ക്വിസ് തുടങ്ങി വിവിധ മത്സരങ്ങള്‍ നടക്കും. വായനപക്ഷാചരണത്തിന്റെ സമാപനം ജൂലൈ ഏഴിന് കളക്ട്രേറ്റിറ്റില്‍ നടക്കും. യോഗത്തില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി. റഷീദ് ബാബു, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ. സുധീര്‍, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗം എ.കെ. രാജേഷ്, എ.ഇ.ഒ ജീറ്റോ ലൂയിസ്, സാക്ഷരതാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ സ്വയ നാസര്‍, പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്‍ സെക്രട്ടറി വത്സരാജന്‍, ജില്ലാ വൈസ് പ്രസിഡന്റ് ദേവദാസന്‍ പുന്നത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.