വയനാട്: ആദിവാസി സാക്ഷരത രണ്ടാംഘട്ടത്തിന്റെ ഭാഗമായി 200 ഊരുകളില്‍ സാക്ഷരത സര്‍വേ നടത്തി. പണിയ -കാട്ടുനായ്ക്ക വിഭാഗങ്ങള്‍ താമസിക്കുന്ന തിരഞ്ഞെടുത്ത കോളനികളിലായിരുന്നു സര്‍വേ. ജില്ലയിലെ ആദിവാസി സാക്ഷരത 70-ല്‍ നിന്ന് പടിപടിയായി 90 ശതമാനമായി ഉയര്‍ത്തുകയാണ് സാക്ഷരതാ മിഷന്റെ ലക്ഷ്യം. കഴിഞ്ഞ വര്‍ഷം നടന്ന ആദിവാസി സാക്ഷരത ഒന്നാംഘട്ടത്തില്‍ 282 ഊരുകളിലെ സാമൂഹികപരമായ ഉയര്‍ച്ച സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ആദിവാസികളിലെ വെറ്റില മുറുക്ക്, മദ്യപാനം എന്നിവയില്‍ കുറവ് വന്നു. ഊരുകളിലെ കുട്ടികള്‍ സ്‌കൂളില്‍ പോവാന്‍ തുടങ്ങി. ആദിവാസി കലാ സംഗമങ്ങളും പഠനയാത്രകളും മേഖലയില്‍ പുത്തന്‍ ഉണര്‍വേകി. ആദിവാസി പഠിതാക്കളുടെ സംഗമത്തില്‍ പിന്നാക്കക്ഷേമ മന്ത്രി എ. കെ ബാലന്‍ പങ്കെടുത്തത് വലിയ അനുഭവമായിരുന്നു. 200 ഊരുകളില്‍ ആറായിരത്തോളം നിരക്ഷരരുണ്ടാവുമെന്നാണ് കണക്ക്. ക്ലാസെടുക്കാനായി 400 ഇന്‍സ്ട്രക്ടര്‍മാരെ തിരഞ്ഞെടുത്തിട്ടുണ്ട്. ഇതില്‍ 200 പേര്‍ ആദിവാസി വിഭാഗത്തില്‍ നിന്നുതന്നെയാണ്.
ജില്ലാതല ഉദ്ഘാടനം കല്‍പ്പറ്റ നഗരസഭയിലെ മണിയങ്കോട് നെടുനിലം കോളനിയിലെ എണ്‍പത്തഞ്ചുകാരി വെള്ളച്ചിയുടെ വീട്ടില്‍ നിന്നു വിവരം ശേഖരിച്ച് സി.കെ ശശീന്ദ്രന്‍ എം.എല്‍.എ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ എ. ദേവകി അദ്ധ്യക്ഷത വഹിച്ചു. ടി. മണി, ടി.കെ ദേവകി, ഗിരീഷ് കല്‍പ്പറ്റ, ചന്ദ്രന്‍ കിനാത്തി, കെ.കെ ഗീത, ജി. ബിജിത, പി.വി വാസന്തി എന്നിവര്‍ സംസാരിച്ചു.
കല്‍പ്പറ്റ നഗരസഭയിലെ മാനിവയല്‍ കോളനിയില്‍ ചെയര്‍പേഴ്‌സണ്‍ സനിത ജഗദീഷ്, സുല്‍ത്താന്‍ ബത്തേരിയിലെ ദൊട്ടപ്പന്‍കുളം കോളനിയില്‍ ചെയര്‍മാന്‍ ടി.എല്‍ സാബു, മാനന്തവാടി നരിക്കൊല്ലി കോളനിയില്‍ ചെയര്‍മാന്‍ വി.ആര്‍ പ്രവീജ്, പൂതാടിയിലെ മൂടക്കൊല്ലി കോളനിയില്‍ പ്രസിഡന്റ് രുഗ്മിണി സുബ്രഹ്മണ്യന്‍, മുള്ളന്‍കെല്ലി ചേലൂര്‍ കോളനിയില്‍ പ്രസിഡന്റ് ഗിരിജാ കൃഷ്ണന്‍, നെന്‍മേനി കളിപുര കോളനിയില്‍ പ്രസിഡന്റ് സി ആര്‍ കറപ്പന്‍, അമ്പലവയല്‍ വികാസ് കോളനിയില്‍ പ്രസിഡന്റ് സീതാ വിജയന്‍, നൂല്‍പ്പുഴ പുലി തൂക്കി കോളനിയില്‍ പ്രസിഡന്റ് കെ ശോഭന്‍കുമാര്‍, പുല്‍പ്പള്ളി വാളമാങ്ങാമൂല കോളനിയില്‍ പ്രസിഡന്റ് ബിന്ദു പ്രകാശ്, മീനങ്ങാടി യൂക്കാലിക്കവല കോളനിയില്‍ പ്രസിഡന്റ് ബീനാ വിജയന്‍, തൊണ്ടര്‍നാട് മുടവന്‍കൊടി കോളനിയില്‍ പ്രസിഡന്റ് പി എ ബാബു, തിരുനെല്ലി മുള്ളന്‍കൊല്ലി കോളനിയില്‍ പ്രസിഡന്റ് മായാദേവി, തവിഞ്ഞാല്‍ പുല്ലാരം കോളനിയില്‍ പ്രസിഡന്റ് വി ഷൈമ, വെള്ളമുണ്ട ഉപ്പുനട കോളനിയില്‍ പ്രസിഡന്റ് പി തങ്കമണി, മുട്ടില്‍ ശാസ്ത്രിനഗര്‍ കോളനിയില്‍ പ്രസിഡന്റ് സി കെ ബാലകൃഷ്ണന്, മൂപ്പൈനാട് കല്ലിക്കേണി കോളനിയില്‍ പ്രസിഡന്റ് ആര്‍ യമുന, എടവക മുട്ടേരി കോളനിയില്‍ പ്രസിഡന്റ് ഉഷ വിജയന്‍, തരിയോട് ചെക്കാനിക്കുന്ന് കോളനിയില്‍ പ്രസിഡന്റ് റീനാ സുനില്‍, മേപ്പാടി അമ്പലക്കുന്ന് കോളനിയില്‍ പ്രസിഡന്റ് കെ കെ സഹദ്, വൈത്തിരി തങ്ങള്‍കുന്ന് കോളനിയില്‍ പ്രസിഡന്റ് വി ഉഷാകുമാരി, വെങ്ങപ്പള്ളി നാരങ്ങാക്കണ്ടി കോളനിയില്‍ പ്രസിഡന്റ് പി എം നാസര്‍, കോട്ടത്തറ മാടക്കുന്ന് കോളനിയില്‍ പ്രസിഡന്റ് ലീലാമ്മ, പൊഴുതന മുത്താരിക്കുന്ന് കോളനിയില്‍ പ്രസിഡന്റ് എന്‍ സി പ്രസാദ്, പടിഞ്ഞാറത്തറ വലിയ നരിപ്പാറ കോളനിയില്‍ പ്രസിഡന്റ് എം പി നൗഷാദ്, കണിയാമ്പറ്റ കോപണ്‍ കോളനിയില്‍ പ്രസിഡന്റ് ഹംസ കടവന്‍, പനമരം ആര്യന്നൂര്‍ കോളനിയില്‍ വികസനകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ഷൈനി കൃഷ്ണന്‍ സര്‍വേ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു.