കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്തില്‍ ക്ലീന്‍ കടമ്പഴിപ്പുറം ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി തുടരുന്നു. പഞ്ചായത്തിനെ സമ്പൂര്‍ണ ശുചിത്വ ഗ്രാമപഞ്ചായത്തായി മാറ്റുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ക്യാമ്പയിനിന്റെ ഭാഗമായി ഹരിതകര്‍മ്മ സേനയുടെ നേതൃത്വത്തില്‍ മാലിന്യ ശേഖരണവും പുരോഗമിക്കുന്നുണ്ട്. ക്യാമ്പയിനിനായി 2023-24 വര്‍ഷത്തെ തനത് ഫണ്ടില്‍നിന്നും ധനകാര്യ കമ്മിഷന്‍ ഗ്രാന്റില്‍ നിന്നുമായി 18 ലക്ഷം രൂപ ഗ്രാമപഞ്ചായത്ത് വകയിരുത്തിയിട്ടുണ്ട്. മെയ് 20 മുതലാണ് ക്ലീന്‍ കടമ്പഴിപ്പുറം ക്യാമ്പയിന്‍ ആരംഭിച്ചത്. ജൂണ്‍ എട്ട് മുതല്‍ ലെഗസി വേസ്റ്റുകള്‍ ശേഖരിക്കുന്നുണ്ട്.

പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്ക് പുറമേ അജൈവമാലിന്യങ്ങളായ ചെരുപ്പ്, ഹെല്‍മെറ്റ്, തെര്‍മോകോള്‍, പഴയ തുണികള്‍, ബാഗ്, ടയര്‍, പഴയ കുട, കളിപ്പാട്ടങ്ങള്‍, പൊട്ടിയ കുപ്പികള്‍, ട്യൂബ് ലൈറ്റ്, ബള്‍ബ്, കേടുവന്ന ഇലക്ട്രോണിക് ഉപകരണങ്ങള്‍ തുടങ്ങിയവയെല്ലാം വാര്‍ഡ് അടിസ്ഥാനത്തില്‍ ഹരിതകര്‍മ്മ സേന ശേഖരിക്കുന്നുണ്ട്. ശേഖരിച്ച മാലിന്യങ്ങള്‍ തെരഞ്ഞെടുത്ത ഏജന്‍സികള്‍ക്ക് സിമന്റ് നിര്‍മാണം പോലുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി കൈമാറും. ജൂണ്‍ 30-ഓടെ മുഴുവന്‍ വാര്‍ഡുകളിലെയും ലെഗസി വേസ്റ്റുകള്‍ ശേഖരിക്കുമെന്ന് കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഹരികൃഷ്ണന്‍ അറിയിച്ചു.

ഹരിതമിത്രം ഗാര്‍ബേജ് ആപ്പ് സ്റ്റിക്കര്‍ പതിപ്പിക്കല്‍ പഞ്ചായത്തിലെ 8000 വീടുകളില്‍ പൂര്‍ത്തിയായി. വീടുകള്‍ കയറിയുള്ള ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളും എന്റെ വീട് മാലിന്യമുക്തം എന്റെ ഗ്രാമം ശുചിത്വ ഗ്രാമം എന്ന സന്ദേശം ആ ലേഖനം ചെയ്ത സ്റ്റിക്കറുകള്‍ പതിപ്പിക്കലും നടക്കുന്നുണ്ട്. 35 ഹരിത കര്‍മ്മ സേന അംഗങ്ങളാണ് പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നത്. ക്ലീന്‍ കടമ്പഴിപ്പുറത്തിനായി ജനങ്ങളുടെ സഹകരണം ആവശ്യമാണെന്ന് കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്ത് സെക്രട്ടറി പറഞ്ഞു.