സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ മുതിർന്ന പൗരന്മാരോടുള്ള അധിക്ഷേപ നിരോധന ബോധവത്ക്കരണ ദിനാചരണം സംഘടിപ്പിച്ചു. ജില്ലാതല ഉദ്ഘാടനം പി ബാലചന്ദ്രൻ എം.എൽ.എ ജവഹർ ബാലഭവൻ ഓഡിറ്റോറിയത്തിൽ നിർവ്വഹിച്ചു.
സാമ്പത്തിക ഭദ്രതയുളളവർക്ക് നേരെയുള്ള അധിക്ഷേപങ്ങളും അതിക്രമങ്ങളും കുറഞ്ഞുവരുന്നതായി കാണുന്നുണ്ടെങ്കിലും ഇത്തരം പ്രവണതകൾ സമൂഹത്തിൽ നിന്ന് ഒഴിവായിട്ടില്ലെന്നത് ഖേദകരമാണെന്ന് പി ബാലചന്ദ്രൻ എംഎൽഎ അഭിപ്രായപ്പെട്ടു.
മുതിർന്ന പൗരന്മാരോടുള്ള അതിക്രമങ്ങൾക്ക് എതിരെയുള്ള ബോധവൽക്കരണ പ്രചരണ ജാഥ സംസ്ഥാന വയോജന കൗൺസിൽ അംഗം പി പി ബാലൻ ഫ്ലാഗ് ഓഫ് ചെയ്തു. ജില്ലയിലെ സെന്റ് തോമസ്, സെന്റ് മേരിസ് കോളേജിലെ എം.എസ്.ഡബ്ല്യൂ, ബി.എസ്.ഡബ്ല്യൂ വിദ്യാർത്ഥികൾ, സാമൂഹ്യനീതി വകുപ്പ് ഉദ്യോഗസ്ഥർ, വിവിധ മേഖലയിലെ മുതിർന്ന പൗരന്മാർ, ഇരിങ്ങാലക്കുട ആൻഡ് തൃശൂർ മെയിന്റനൻസ് ട്രൈബ്യൂണൽ ടെക്നിക്കൽ അസിസ്റ്റന്റമാർ, കേരള സോഷ്യൽ സെക്യൂരിറ്റി വിഭാഗത്തിലെ ഉദ്യോഗസ്ഥർ, ഓർഫനേജ് കൗൺസിലർമാർ തുടങ്ങിയ നൂറോളം ആളുകൾ പ്രചരണ ജാഥയിൽ പങ്കെടുത്തു. ടൗൺഹാൾ പരിസരത്ത് നിന്ന് തുടങ്ങിയ പ്രചരണ ജാഥ ജവഹർ ബാലഭവനിൽ സമാപിച്ചു.