പുതുക്കോട് ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ വയോജന സൗഹൃദ വിനോദയാത്ര സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍നിന്നുള്ള വയോജനങ്ങളെ പങ്കെടുപ്പിച്ച് തൃശ്ശൂര്‍ മൃഗശാല, പീച്ചി ഡാം, സ്‌നേഹതീരം എന്നിവിടങ്ങളിലേക്കാണ് യാത്ര നടത്തിയത്. ഒരു വാര്‍ഡില്‍നിന്ന് മൂന്നുപേര്‍ വീതം പങ്കെടുത്തു. 60 മുതല്‍ 78 വയസ് വരെയുള്ള 60-ഓളം പേര്‍ വിനോദയാത്രയില്‍ പങ്കാളികളായി.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഐ. ഹസീന, വൈസ് പ്രസിഡന്റ് കെ.കെ രാജേന്ദ്രന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുനിത കുമാരി, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ കെ. ചന്ദ്രിക, സി.ഡി.എസ് അംഗങ്ങള്‍, വാര്‍ഡംഗങ്ങള്‍ തുടങ്ങിയവരും യാത്രയില്‍ ഉണ്ടായിരുന്നു. കുടുംബശ്രീ ജില്ലാ മിഷനില്‍നിന്ന് 10,000 രൂപയും വിവിധ സ്‌പോണ്‍സര്‍ഷിപ്പ് തുകയും ചേര്‍ത്താണ് സംഘം വിനോദയാത്രക്ക് ആവശ്യമായ ചെലവ് കണ്ടെത്തിയത്. തുടര്‍ന്നും പാലിയേറ്റിവ് കുടുംബങ്ങളെ പങ്കാളികളാക്കി യാത്ര നടത്താന്‍ ഒരുങ്ങുകയാണ് പുതുക്കോട് ഗ്രാമപഞ്ചായത്ത്.