തീരദേശ മേഖലയിലെ സമഗ്ര വികസനത്തിനായി രാജ്യത്താദ്യമായി സർക്കാർതലത്തിൽ ആദ്യമായി നടപ്പാക്കുന്ന വൈജ്ഞാനിക തൊഴിൽ പദ്ധതിയായ തൊഴിൽ തീരം പദ്ധതി മണലൂർ ഒരുങ്ങുന്നു.
മത്സ്യത്തൊഴിലാളി വിഭാഗത്തിൽപ്പെട്ട തൊഴിലന്വേഷകർക്കായി കേരള നോളജ് ഇക്കോണമി മിഷൻ ഫിഷറീസ് വകുപ്പിൻ്റെ സഹകരണത്തോടെ ആരംഭിക്കുന്ന പ്രത്യേക വൈജ്ഞാനിക തൊഴിൽ പദ്ധതിയാണ് തൊഴിൽതീരം. തൃശ്ശൂർ ജില്ലയിലെ മണലൂർ മണ്ഡലതല തൊഴിൽതീരം പദ്ധതിയുടെ ഉന്നതതല ആലോചന യോഗം മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ മുരളി പെരുനെല്ലി എംഎൽഎ ഉദ്ഘാടനം ചെയ്തു.
സംസ്ഥാനത്തെ 46 തീരദേശ മണ്ഡലങ്ങളിൽ നിന്നും ഓരോ ജില്ലയിലും ഒരു മണ്ഡലത്തെ പൈലറ്റ് പദ്ധതിക്കായി തെരഞ്ഞെടുത്താണ് ആദ്യഘട്ടം സംഘടിപ്പിക്കുന്നത്. നോളജ് മിഷന്റെ ഡി ഡബ്ല്യൂ എം എസ് പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്തവരും രജിസ്റ്റർ ചെയ്യാൻ ബാക്കിയുള്ളവരുമായ മത്സ്യത്തൊഴിലാളി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് വിവിധ സേവനങ്ങൾ നൽകി പ്രത്യേക നൈപുണ്യവും തൊഴിൽപരിചയവും പരിശീലനത്തിലൂടെ ഉറപ്പാക്കി ജില്ലാതല തൊഴിൽമേളകൾ സംഘടിപ്പിച്ച് തൊഴിൽ ഒരുക്കി നൽകുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
മത്സ്യബന്ധന മേഖലയിലെ പ്ലസ് ടു യോഗ്യതയുള്ള 18 മുതൽ 40 വയസ്സ് വരുന്ന മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗത്വമുള്ള കുടുംബാംഗങ്ങളും ഉൾനാടൻ മത്സ്യബന്ധന ഗ്രാമങ്ങളിലുള്ളവരുമാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. തൊഴിൽ തീരം പദ്ധതിയിലൂടെ സ്വകാര്യമേഖല, റിമോട്ട്, ഹൈബ്രിഡ്, എം എസ് എം ഇ, സ്റ്റാർട്ടപ്പ്, പാർട്ട് ടൈം, പ്രൊജക്ടുകൾ, ഫ്രീലാൻസ് തുടങ്ങിയ മേഖലകളിൽ ജോലിക്ക് ആവശ്യമായ പ്രാവീണ്യവും ജോലിയുമാണ് നൽകുന്നത്.
പദ്ധതിയുടെ ഭാഗമായി പ്രാദേശിക തലത്തിൽ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുയകയും പ്രാദേശിക സംഗമങ്ങൾ നടത്തുകയും തൊഴിൽ ക്ലബ്ബുകൾ രൂപീകരിക്കുകയും ഡി ഡബ്ല്യൂ എം എസ് രജിസ്ട്രേഷൻ പൂർത്തിയാക്കിയും ചെയ്യും. ജൂൺ 20ന് സംഘാടകസമിതി ചേരുന്നതിന് ആലോചനയോഗം തീരുമാനിച്ചു.
ചടങ്ങിൽ വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഭാസി അധ്യക്ഷയായി. എം എ സുമി പ്രോജക്ട് അവതരണം നടത്തി. ജില്ല പ്രോഗ്രാം മാനേജർ സിതാര ജോബ് പ്ലാറ്റ്ഫോം പരിചയപ്പെടുത്തി. പ്രോഗ്രാം കോഡിനേറ്റർ സ്വാമിനാഥ് എസ് ധനരാജ്, തദ്ദേശ സ്ഥാപന അധ്യക്ഷൻമാർ ഫിഷറീസ്, തൊഴിൽ, വ്യാവസായിക വകുപ്പ് ഉദ്യോഗസ്ഥർ, കുടുംബശ്രീ, അസാപ്, ഐസിടി അക്കാദമി പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.