സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ തുല്യത പഠിതാക്കള്‍ക്കായി സംഘടിപ്പിക്കുന്ന ഡിജിറ്റല്‍ സാക്ഷരതാ പദ്ധതിയും പ്ലസ് ടു പഠിതാക്കളുടെ സംഗമവും കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം. മുഹമ്മദ് ബഷീര്‍ അധ്യക്ഷതവഹിച്ചു. സെക്രട്ടറി കെ. പ്രദീപന്‍ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രോജക്ടില്‍ ഉള്‍പ്പെടുത്തി സാക്ഷരതാ പഠിതാക്കള്‍ക്കായി സമാഹരിച്ച ലാപ്ടോപ്, പ്ലസ്ടു തുല്യത പാഠപുസ്തകം എന്നിവ വിരണം ചെയ്തു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു.

സംസ്ഥാന സാക്ഷരതാ മിഷന്‍ അസി. ഡയറക്ടര്‍ സന്ദീപ് ചന്ദ്രന്‍ ലാപ്‌ടോപ്പുകള്‍ ഏറ്റുവാങ്ങി. പ്ലസ് ടു തുല്യതാ പാഠപുസ്തകം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എം. മുഹമ്മദ് ബഷീര്‍ വിതരണം ചെയ്തു. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പത്താം തരം തുല്യതാ പഠിതാക്കള്‍ക്കായി നടത്തിയ ഉപന്യാസ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ സര്‍വ്വജന പഠന കേന്ദ്രത്തിലെ എ.കെ ജിനിക്ക് പൊതുമരാമത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ബീന ജോസും പനമരം ജി.എച്ച്.എസ്.എസിലെ എം.സി ജസീനക്ക് ജില്ലാപഞ്ചായത്ത് മെമ്പര്‍ കെ. വിജയനും ഉപഹാരം നല്‍കി.

സാക്ഷരതാ മിഷന്റെ കീഴില്‍ പത്താം തരം, പ്ലസ് ടു തുല്യത ക്ലാസ്സില്‍ പഠനം നടത്തുന്ന പഠിതാക്കള്‍ക്ക് ഡിജിറ്റല്‍ ഇന്റലിജന്‍സ് വര്‍ദ്ധിപ്പിക്കുന്നതിനായി എം.എസ് വേര്‍ഡ്, എക്‌സല്‍, ഫോട്ടോഷോപ്പ്, ആനിമേഷന്‍, ഇംഗ്ലീഷ്, മലയാളം ടൈപ്പിങ് എന്നിവയാണ് പഠിപ്പിക്കുന്നത്. പദ്ധതിയിലൂടെ ഡിജിറ്റല്‍ ഉപകരണങ്ങളെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാനും അവസരമൊരുക്കും. പ്ലസ് വണ്‍ പഠിതാക്കളില്‍ നിന്ന് തിരഞ്ഞെടുത്ത 50 പഠിതാക്കള്‍ക്ക് ആദ്യഘട്ടത്തില്‍ കൈറ്റ് വഴി ആര്‍.പി മാരായിപരിശീലനം നല്‍കും. ഞായറാഴ്ചകളില്‍ നടക്കുന്ന ക്ലാസുകളില്‍ തുടര്‍ പരിശീലനം നല്‍കും.

വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഉഷ തമ്പി, സിന്ധു ശ്രീധരന്‍, സീതാ വിജയന്‍, കെ.ബി നസീമ, പി.എ.യു ഡയറക്ടര്‍ പി.സി മജീദ്, സാക്ഷരത കോ – ഓര്‍ഡിനേറ്റര്‍ സ്വയ നാസര്‍, കൈറ്റ് കോ-ഓര്‍ഡിനേറ്റര്‍ ബാലന്‍ കൊളമക്കൊല്ലി, പി.വി ജാഫര്‍ തുടങ്ങിയവര്‍ സംസാരിച്ചു.