എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷാ ഫലങ്ങൾ ജില്ലാ തലങ്ങളിൽ ഡി.ഡി.ഇ, ഡി.ഇ.ഒ എന്നിവരുടെ നേതൃത്വത്തിൽ അവലോകനം നടത്തണമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.

പരീക്ഷാ ഫലങ്ങൾ പുറത്തുവന്നപ്പോൾ പല ജില്ലകളും പ്രതീക്ഷിക്കാത്തവണ്ണം പിന്നോക്കം പോയ അവസ്ഥയുണ്ട്. ഇത് ജില്ലാതലങ്ങളിൽ തന്നെ പരിശോധിച്ച് സത്വര നടപടികൾ സ്വീകരിക്കണം.

2021-22 വർഷത്തെ സംസ്ഥാന അധ്യാപക അവാർഡുകൾ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. അധ്യാപകർക്ക് നിലവിലുള്ള ഒരു ദിവസത്തെ പരിശീലനം വേണ്ടത്ര ഗുണം ചെയ്യുന്നില്ലെന്നും അധ്യാപക പരിശീലനം ഒരാഴ്ച നീളുന്ന റസിഡൻഷ്യൽ പരിശീലനമാക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു. അതിനുള്ള നടപടികളിലേക്ക് സർക്കാർ പ്രവേശിക്കുകയാണ്.

അധ്യാപകരുടെ എല്ലാവിധ അവകാശങ്ങളും സർക്കാർ സംരക്ഷിക്കും. പക്ഷേ വിദ്യാർഥികളുടെ അവകാശങ്ങൾക്കും കാര്യങ്ങൾക്കും അധ്യാപകർ പ്രഥമ പരിഗണന നൽകേണ്ടതുണ്ട്. അവാർഡ് ജേതാക്കൾക്ക് മന്ത്രി സർട്ടിഫിക്കറ്റും ക്യാഷ് അവാർഡും മെമന്റോയും വിതരണം ചെയ്തു.

എൽ.പി, യു.പി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി തലങ്ങളിൽ അഞ്ചുവീതം പേരും വി.എച്ച്.എസ്.ഇ വിഭാഗത്തിൽ രണ്ടും ഉൾപ്പെടെ 22 അധ്യാപകർ അവാർഡ് ഏറ്റുവാങ്ങി. പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ അവാർഡുകൾ മൂന്ന് അധ്യാപകർ മന്ത്രിയിൽ നിന്ന് സ്വീകരിച്ചു.

പരിപാടിയിൽ ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഷാനവാസ് എസ്, കൈറ്റ് സി.ഇ.ഒ കെ അൻവർ സാദത്ത് എന്നിവർ പങ്കെടുത്തു.