സംസ്ഥാനത്തെ പ്രൊഫഷണൽ ഡിഗ്രി കോഴ്‌സുകളിലേയ്ക്ക് 2023-24 അധ്യയന വർഷത്തെ പ്രവേശനത്തിനായി നിശ്ചിത സമയത്തിനകം പ്രവേശന പരീക്ഷാ കമ്മീഷണർക്ക് ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാൻ കഴിയാതിരുന്ന വിദ്യാർഥികൾക്ക് ആർക്കിടെക്ചർ (ബി.ആർക്ക്), മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്‌സുകൾ (എം.ബി.ബി.എസ്, ബി.ഡി.എസ് ഉൾപ്പെടെ) എന്നിവയിലേക്ക് പ്രവേശനത്തിനായി പുതുതായി ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാം. കീം 2023 മുഖേന എഞ്ചിനീയറിംഗ്, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്‌സുകൾ എന്നിവയിലേതെങ്കിലും കോഴ്‌സുകൾക്ക് ഇതിനോടകം ഓൺലൈനായി അപേക്ഷകൾ സമർപ്പിച്ചിട്ടുള്ളവർക്ക് ആവശ്യമുള്ള പക്ഷം ആർക്കിടെക്ചർ, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്‌സുകൾ എന്നിവ കൂട്ടിചേർക്കുന്നതിനും അവസരം ലഭ്യമാക്കിയിട്ടുണ്ട്.
അപേക്ഷയിൽ ആർക്കിടെക്ചർ(ബി.ആർക്ക്)-ന് അപേക്ഷിക്കുന്നവർ, കൗൺസിൽ ഓഫ് ആർക്കിടെക്ചർ നടത്തിയ NATA പരീക്ഷ എഴുതി നിശ്ചിത യോഗ്യത നേടേണ്ടതും, മെഡിക്കൽ കോഴ്‌സിന് അപേക്ഷിക്കുന്നവർ NTA നടത്തിയ നീറ്റ് യു.ജി 2023 പരീക്ഷ എഴുതി നിശ്ചിത യോഗ്യത നേടേണ്ടതുമാണ്. പുതുതായി അപേക്ഷകൾ സമർപ്പിക്കുന്നതിനും, കീം 2023 ൽ ഇതിനോടകം അപേക്ഷിച്ചവർക്ക് കോഴ്‌സുകൾ കൂട്ടിച്ചേർക്കുന്നതിനും ജൂൺ 23നു വൈകീട്ട് മൂന്നു വരെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ സൗകര്യം ഉണ്ടായിരിക്കും. വിശദവിവരങ്ങൾക്ക്: www.cee.kerala.gov.in, ഹെൽപ് ലൈൻ നമ്പർ : 0471 2525300.