ജില്ലയില്‍ കുടുംബശ്രീ സാന്ത്വനം വളണ്ടിയര്‍മാരുടെ രണ്ടാംഘട്ട ജില്ലാതല പ്രവര്‍ത്തനോദ്ഘാടനം പാലക്കാട് ഗസ്റ്റ് ഹൗസില്‍ കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.കെ ചന്ദ്രദാസ് നിര്‍വഹിച്ചു. പാലക്കാട്, കോഴിക്കോട്, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളിലെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട സാന്ത്വനം വളണ്ടിയര്‍മാരുടെ പ്രവര്‍ത്തനോദ്ഘാടനമാണ് നടന്നത്.

ജീവിതശൈലീ രോഗങ്ങളായ രക്തസമ്മദര്‍ദ്ദം, പ്രമേഹം, കൊളസ്‌ട്രോള്‍ എന്നിവ നിര്‍ണയിക്കുകയും ജനങ്ങള്‍ക്ക് ഗുണനിലവാരമുള്ള സേവനം ലഭ്യമാകുകയും ചെയ്യുന്ന പദ്ധതിയാണ് കുടുംബശ്രീ സാന്ത്വനം. നിലവില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളിലായി 54 സാന്ത്വനം വളണ്ടിയര്‍മാര്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ഓഫീസുകള്‍ കേന്ദ്രീകരിച്ചും ഗ്രാമ/നഗരപ്രദേശങ്ങളില്‍ ഫീല്‍ഡ് വര്‍ക്കുകളിലൂടെയും ജീവിതശൈലീ രോഗ നിര്‍ണയ സേവനങ്ങള്‍ കുറഞ്ഞ നിരക്കില്‍ ജില്ലയില്‍ മുഴുവന്‍ പ്രദേശത്തും എത്തിക്കുക എന്നതാണ് ലക്ഷ്യമെന്നും ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.

യോഗത്തില്‍ പുതുതായി തെരഞ്ഞെടുത്തവര്‍ക്കുള്ള നിര്‍ദേശങ്ങള്‍ പരിശീലന ചുമതലയുള്ള ഹെല്‍ത്ത് ആക്ഷന്‍ ബൈ പീപ്പിള്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ. ഗോപകുമാര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ ചിന്ദു മാനസ് എന്നിവര്‍ നല്‍കി. പരിശീലനം ലഭിച്ച വളണ്ടിയര്‍മാര്‍ക്ക് രോഗ നിര്‍ണയ കിറ്റ് വിതരണം ചെയ്തു.