ഇടുക്കി ജില്ലയിലെ ഭൂനിയമഭേദഗതി സംബന്ധിച്ച വിഷയം നിയമസഭയില്‍ അവതരിപ്പിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. ജില്ലയിലെ ഭൂമി പ്രശ്‌നങ്ങള്‍ സംബന്ധിച്ച വിഷയങ്ങളില്‍ രാഷ്ട്രീയകക്ഷികള്‍ക്ക് ഒരേ നിലപാടാണ്. തടസ്സങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ട നടപടികള്‍ ഉണ്ടാവുക തന്നെ ചെയ്യും.
ഭൂപ്രശ്നങ്ങളും പട്ടയ പ്രശ്നങ്ങളും ചര്‍ച്ച ചെയ്യുന്നതിനായി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. 2019 ല്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലെടുത്ത തീരുമാനപ്രകാരമാണ് നിലവില്‍ മുമ്പോട്ടു പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലയുടെ പുരോഗതിക്ക് തടസ്സമാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ കാലത്താമസം നേരിടുന്നുണ്ടെന്നും ഇത് പരിഹരിക്കുന്നതിന് കൂട്ടായ ശ്രമം ആവശ്യമുണ്ടെന്നും യോഗത്തില്‍ പങ്കെടുത്ത രാഷ്ട്രീയ കക്ഷി നേതാക്കള്‍ അഭിപ്രായപ്പെട്ടു.
ഡിജിറ്റല്‍ സര്‍വെയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. ജില്ലയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ മൂലം പട്ടയം നല്കാന്‍ കഴിയാത്ത വിഷയം റവന്യു മന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരും . അര്‍ഹരായവര്‍ക്ക് കാലതാമസമില്ലാതെ തന്നെ പട്ടയം നല്‍കും.
യോഗത്തില്‍ അഡ്വ. ഡീന്‍ കുര്യാക്കോസ് എം. പി, എം.എല്‍.എമാരായ എം. എം മണി, വാഴൂര്‍ സോമന്‍, അഡ്വ. എ. രാജ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ടി ബിനു, ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്, സബ് കളക്ടര്‍ ഡോ. അരുണ്‍ എസ് നായര്‍, ഡെപ്യൂട്ടി കളക്ടര്‍മാരായ മനോജ് കെ, ദീപ കെ.പി, വിവിധ കക്ഷിരാഷ്ട്രീയ പ്രതിനിധികള്‍,റവന്യു, വനം, വൈദ്യുതി, തദ്ദേശ സ്വയംഭരണം, മൈനിങ് & ജിയോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.