വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്തിലെ മൂങ്കലാറില്‍ നവീകരിച്ച സര്‍ക്കാര്‍ ആയുര്‍വേദ സബ് സെന്ററിന്റെ ഉദ്ഘാടനം വാഴൂര്‍ സോമന്‍ എംഎല്‍എ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ കെ ഡി അജിത്ത് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ യോഗ പരിശീലന പരിപാടികളുടെ ഉദ്ഘാടന കര്‍മ്മവും നിര്‍വഹിച്ചു.
കാലപ്പഴക്കമേറിയ കെട്ടിടം നിലംപതിച്ചതോടെ ഗ്രാമപഞ്ചായത്തിന്റെ ഫണ്ടില്‍ നിന്ന് 14.5 ലക്ഷം രൂപ വകയിരുത്തി അത്യാധുനിക രീതിയില്‍ കെട്ടിട നിര്‍മാണം പൂര്‍ത്തീകരിക്കുകയായിരുന്നു. നവീകരിച്ച സബ് സെന്ററില്‍ പരിശോധന മുറി, ഹാള്‍, ഫാര്‍മസി, മെഡിസിന്‍ സ്റ്റോര്‍, ഒ പി ടിക്കറ്റ് കൗണ്ടര്‍, ശുചിമുറി തുടങ്ങിയ സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. രാവിലെ 10 മുതല്‍ വൈകിട്ട് 5 മണി വരെ ഡോക്ടറുടെ സേവനം ലഭിക്കും.
ആശുപത്രി അങ്കണത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീല കുളത്തുങ്കല്‍, വാര്‍ഡ് അംഗം കെ.ശിവന്‍ കുട്ടി, ആശുപത്രിയിലെ ഡോക്ടര്‍ അഞ്ജു സി പി, ഗ്രാമപഞ്ചായത്ത് ജൂനിയര്‍ സൂപ്രണ്ട് ബൈജു ബഷീര്‍, യോഗ അധ്യാപകന്‍ ലാല്‍ കെ പുത്തന്‍പറമ്പില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.