പുസ്തകങ്ങളുമായി ചേലക്കരയിൽ അക്ഷര വാഹിനി യാത്ര ഫ്ളാഗ് ഓഫ് ചെയ്തു


ഏതൊരു വ്യക്തിയും നേടുന്ന വായനയും വിദ്യാഭ്യാസവും സാമൂഹ്യനന്മക്ക് കൂടി ഉതകുന്ന വിധത്തിൽ ഉപയോഗിക്കണമെന്ന് ദേവസ്വം, പട്ടിക ജാതി പട്ടിക വർഗ്ഗ പിന്നോക്കക്ഷേമ പാർലിമെന്ററി മന്ത്രി കെ.രാധാകൃഷ്ണൻ. ചേലക്കര നിയോജക മണ്ഡലത്തിൽ മന്ത്രി കെ രാധാകൃഷ്ണന്റെ പ്രത്യേക വികസന ഫണ്ട് വഴി നടപ്പാക്കുന്ന അക്ഷരവാഹിനി പദ്ധതിയുടെ ഉദ്ഘാടനം തിരുവില്വാമല വി. കെ.എൻ.സ്മാരകത്തിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

ജൂൺ 19 മുതൽ സംസ്ഥാനം ഒട്ടാകെ വായന വാരം ആചരിക്കുമ്പോൾ ചേലക്കരയിൽ അക്ഷരവാഹിനി വഴി കുട്ടികൾക്കും പൊതുജനങ്ങൾക്കും നൂറോളം പുസ്തകങ്ങൾ സമ്മാനിക്കുകയാണ്. വായനയും പഠനവും സാമൂഹ്യ നന്മക്കായി ഉപയോഗിക്കണം. മുഴുവൻ ജനതയെയും അക്ഷരം വായിക്കാൻ പഠിപ്പിച്ച നാടാണ് കേരളം. വായനയുടെ പുതിയ ലോകത്തേക്ക് കുട്ടികളെ കൊണ്ടുവരാൻ കഴിയണം.

മലയാള സാഹിത്യകാരൻ വി. കെ.എന്നിന്റെ ഓർമ്മകൾ പുഞ്ചിരിക്കുന്ന തിരുവില്വാമല വി. കെ.എൻ. സ്മാരകത്തിൽ നിന്നാണ് അഷരവാഹിനി യാത്ര മന്ത്രി ഫ്ളാഗ് ഓഫ് ചെയ്തത്. പാമ്പാടി ജി. എച്ച്.എസ്.എസ്. സ്കൂൾ , വി. കെ എൻ. സ്മാരക വായനാശാല, ഹിൽ സ്റ്റേഷൻ വായനശാല എന്നീ വായനശാലകൾക്ക് ഗ്രന്ഥങ്ങളുടെ കെട്ട് മന്ത്രി കൈമാറി.

സ്ഥലം എം. എൽ. എ. കൂടിയായ മന്ത്രി കെ.രാധാകൃഷ്ണന്റെ 2022-23 വർഷത്തിൽ എം. എൽ. എ.യുടെ പ്രത്യേക വികസന നിധിയിൽ നിന്നും അനുവദിച്ച പദ്ധതിയായ അക്ഷയവാഹിനിയുടെ മണ്ഡലത്തിലെ വായന ശാലകളിലും ഒമ്പത് ഹയർ സെക്കൻഡറി സ്കൂളുകളിലും എത്തി പുസ്തകങ്ങൾ നൽകി വൈകിട്ട് തിച്ചൂർ വായന ശാലയിൽ സമാപിക്കും.

തിരുവില്വാമല ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.പത്മജ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. എം.അഷറഫ് മുഖ്യാഥിതിയായി. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. പി. ശ്രീജയൻ, ബ്ലോക്ക് അംഗം സിന്ധു സതീഷ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉദയൻ, വാർഡ് മെമ്പർ കെ. പി.ഉമാശങ്കർ ലൈബ്രറി കൗൺസിൽ ജില്ലാ ജോയിന്റ് സെക്രട്ടറി ബി.മുരളി തുടങ്ങിയവർ പങ്കെടുത്തു. ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി കെ. കെ. ജയപ്രകാശ് സ്വാഗതവും മനോജ് കുമാർ നന്ദിയും പറഞ്ഞു.