ശ്രദ്ധയോടെ മനസര്‍പ്പിച്ച് കാതുകൂര്‍പ്പിച്ച് മലമ്പുഴ ജില്ലാ ജയില്‍ അന്തേവാസികള്‍ വായനാപക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടന പരിപാടിയിലെ സന്ദേശങ്ങള്‍ വൃത്തിയായി കേട്ടു. മാറാന്‍ താത്പര്യമുള്ള ചില മുഖങ്ങള്‍ അതില്‍ നിന്നും പ്രതിഫലിച്ച് കാണാന്‍ കഴിഞ്ഞു. ജില്ലാ ഭരണകൂടം, സാക്ഷരതാ മിഷന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, വിദ്യാഭ്യാസ വകുപ്പ്, ജില്ലാ ജയില്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ് പരിപാടി മലമ്പുഴ ജില്ലാ ജയിലില്‍ സംഘടിപ്പിച്ചത്.
ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ നിര്‍വഹിച്ചു. വായനാപക്ഷാചരണത്തില്‍ തടവുകാര്‍ക്കായി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സാക്ഷരതാ തുല്യത ക്ലാസുകള്‍, സാമൂഹ്യ വിദ്യാഭ്യാസ ബോധവത്ക്കരണം, ആഴ്ചയിലൊരിക്കല്‍ യോഗ, ഫിസിക്കല്‍ എഡ്യുക്കേഷന്‍ ക്ലാസുകള്‍ എന്നിവക്ക് തുടക്കം കുറിച്ചു.
കുടുംബം, സമൂഹം, വിദ്യാഭ്യാസം, കായികരംഗത്തെ പ്രവര്‍ത്തനങ്ങള്‍ അതിനപ്പുറം വായന എന്നിവയിലൂടെയൊക്കെയാണ് മനുഷ്യര്‍ക്ക് അവരുടെ ശേഷികളെ വ്യക്തിപരമായും സമൂഹത്തിലൊട്ടാകെയും ഉപയോഗപ്പെടുത്താന്‍ കഴിയുന്നത്. അങ്ങനെ ഒരു അവസ്ഥയിലേക്ക് സമൂഹത്തിലെ എല്ലാ മനുഷ്യരും എത്തിപ്പെടുകയാണെങ്കില്‍ ജയിലിന്റെയും നിയമങ്ങളുടെയും ആവശ്യമില്ല. അത്തരമൊരു അവസ്ഥ ഉണ്ടാക്കികൊടുക്കുക എന്നത് വലിയ ശ്രമകരമായ പ്രവര്‍ത്തനമാണെന്നും യുവതലമുറയ്ക്ക് ഇത്തരം കാര്യങ്ങള്‍ ബോധ്യമുണ്ടാക്കിയെടുക്കാന്‍ സാധിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
അവകാശങ്ങളെയും അവസരങ്ങളെയും നല്ല അര്‍ത്ഥത്തില്‍ വിനിയോഗിക്കണം. അത്തരം അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ ശ്രമിക്കണം. നല്ല തീരുമാനങ്ങള്‍ എടുത്ത് നല്ല വഴിയിലൂടെ പോകണമെന്ന ആശയങ്ങളും ചിന്തകളും രൂപപ്പെടുത്തിയെടുക്കാന്‍ വായനക്ക് സാധിക്കും. ജില്ലാ ജയിലിലെ ലൈബ്രറിയില്‍ വായനക്കുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും കിട്ടുന്ന അവസരങ്ങള്‍ വായനക്കായി പ്രയോജനപ്പെടുത്തണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ജില്ലാ സാക്ഷരതാ മിഷന്റെ ഭാഗമായി പഠിക്കാനും വായിക്കാനും എഴുതാനും അറിയാത്ത അന്തേവാസികള്‍ക്ക് ജയിലില്‍ അതിനുള്ള അവസരം ഉണ്ടാക്കി കൊടുക്കുമ്പോള്‍ അത് ഉപയോഗിക്കണം. അതിഥി തൊഴിലാളികളെ കൂടി ഉള്‍പ്പെടുത്തി ഗ്രാമങ്ങളില്‍നിന്നുള്ള എഴുത്തും വായനയും അറിയാത്തവരെ പഠിപ്പിക്കാനുള്ള അവസരം സംസ്ഥാനത്ത് ഒരുക്കുന്നുണ്ടെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
ജയില്‍ ലൈബ്രറിയിലേക്കുള്ള വായനാസാമഗ്രികള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജില്ലാ ജയില്‍ സൂപ്രണ്ട് കെ.എസ് ശ്രീജിത്തിന് കൈമാറി. സര്‍ക്കാരിന്റെ 2022-23 വര്‍ഷത്തെ പ്രോഗ്രസ് റിപ്പോര്‍ട്ട്, പി.ആര്‍.ഡി പ്രസിദ്ധീകരണമായ സമകാലിക ജനപഥം, സാക്ഷരതാമിഷന്റെ അക്ഷരകൈരളി മാസിക എന്നിവയാണ് കൈമാറിയത്. വായനാദിന സന്ദേശവും പി.എന്‍ പണിക്കര്‍ അനുസ്മരണവും ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റും സംസ്ഥാന സാക്ഷരതാ സമിതി എക്സിക്യൂട്ടീവ് അംഗവുമായ ടി.കെ നാരായണദാസ് നിര്‍വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രിയ കെ. ഉണ്ണികൃഷ്ണന്‍ വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാധികാ മാധവന്‍ അധ്യക്ഷയായ പരിപാടിയില്‍ മലമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമലത മോഹന്‍ദാസ്, സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ. മനോജ് സെബാസ്റ്റ്യന്‍, ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.എന്‍ മോഹനന്‍, സാക്ഷരതാ മിഷന്‍ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ പി.വി പാര്‍വതി, പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ പാലക്കാട് സെക്രട്ടറി ഡോ. മാന്നാര്‍ ജി. രാധാകൃഷ്ണന്‍, കാന്‍ഫെഡ് ജില്ലാ ചെയര്‍മാന്‍ പി.എസ് നാരായണന്‍ എന്നിവര്‍ സംസാരിച്ചു.