ഓണക്കാലത്ത് പ്രാദേശിക വിപണിയില്‍ ചെണ്ടുമല്ലിപ്പൂവ് എത്തിക്കുക എന്ന ലക്ഷ്യത്തോടെ വിളയൂര്‍ ഗ്രാമപഞ്ചായത്തില്‍ രണ്ട് ഏക്കര്‍ സ്ഥലത്ത് ചെണ്ടുമല്ലി കൃഷി ആരംഭിച്ചു. ഗ്രാമപഞ്ചായത്തിലെ 13, 14 വാര്‍ഡുകളിലെ ഓരോ ഏക്കറിലായി 1000 ചെണ്ടുമല്ലി തൈകളാണ് നടുന്നത്. രണ്ട് വാര്‍ഡുകളിലെയും നിള, വിഗ്നനയ തൊഴിലുറപ്പ് ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ സ്ഥലം പാട്ടത്തിനെടുത്താണ് കൃഷി ആരംഭിച്ചിരിക്കുന്നത്. ഈ ഗ്രൂപ്പുകളിലെ മുപ്പതോളം പ്രവര്‍ത്തകരാണ് ദിവസവും ചെണ്ടുമല്ലി തൈകള്‍ പരിപാലിക്കുന്നത്. വിളയൂര്‍ കൃഷി ഭവനില്‍നിന്ന് ഒന്നിന് അഞ്ച് രൂപ നിരക്കിലാണ് തൈകള്‍ വാങ്ങിയത്.

വിളയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ ബേബി ഗിരിജ തൈ നടീല്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി നൗഫല്‍ അധ്യക്ഷനായ പരിപാടിയില്‍ സ്ഥിരം സമിതി അധ്യക്ഷന്‍ എ.കെ ഉണ്ണികൃഷ്ണന്‍, രാജി മണികണ്ഠന്‍, കൃഷി ഓഫീസര്‍ അഷ്ജാന്‍, മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എ.ഇ ഷംലത്ത്, പാടശേഖര സമിതി സെക്രട്ടറി സുകുമാരന്‍ എന്നിവര്‍ പങ്കെടുത്തു.