കുടുംബശ്രീ ജില്ലാ മിഷന്റെ നവീകരിച്ച ഓഫീസിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി നിർവഹിച്ചു. കുടുംബശ്രീ പ്രവർത്തനങ്ങളിൽ കാലാനുസൃതമായ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയണമെന്നും അതിന് മികച്ച ഓഫീസ് സംവിധാനം അനിവാര്യമാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

കുടുംബശ്രീ സംസ്ഥാന മിഷൻ അനുവദിച്ച ഫണ്ട് ഉപയോഗിച്ചാണ് സിവിൽ സ്റ്റേഷനിൽ ജില്ലാ മിഷൻ ഓഫീസിന്റെ നവീകരണം പൂർത്തീകരിച്ചത്. സംസ്ഥാന സർക്കാരും കുടുംബശ്രീ മിഷനും ആവിഷ്കരിക്കുന്ന വിവിധ പ്രവർത്തനങ്ങൾ കുടുംബശ്രീ ത്രിതല സംവിധാനം വഴിയാണ് നിർവ്വഹണം നടത്തിവരുന്നത്. ഈ സേവനങ്ങൾ ത്വരിതപ്പെടുത്തുന്നതിനും കാര്യക്ഷമമാക്കുന്നതിനും വേണ്ടിയാണ് ഓഫീസിന്റെ പശ്ചാത്തല സൗകര്യങ്ങൾ വിപുലീകരിച്ച് നവീകരിച്ചത്.

കുടുംബശ്രീ ജില്ലാമിഷൻ കോർഡിനേറ്റർ സിന്ധു. ആർ അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ എൻ.എം. വിമല, കുടുംബശ്രീ സംസ്ഥാനമിഷൻ പ്രോഗ്രം ഓഫീസർ കെ. രതീഷ്കുമാർ, ലീഡ് ബാങ്ക് മാനേജർ മുരളീധരൻ ടി.എം, മരുതോങ്കര സി.ഡി.എസ് ചെയർപേഴ്സൺ കെ.സതി, കുടുംബശ്രീ മുൻ ജില്ലാമിഷൻ കോർഡിനേറ്റർ കവിത പി.സി, റജുല ഐ, ഇന്ദു. ടി.സി, നിഷിദ സൈബുനി, ജയശ്രീ. സി എന്നിവർ സംസാരിച്ചു.