മൂവാറ്റുപുഴ ബ്ലോക്കിൽ മഹാത്മാഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്തു

സ്വന്തം ജീവിതം കൊണ്ട് ലോക ജനതക്ക് മാതൃകയായ മഹത് വ്യക്തിയാണ് മഹാത്മാഗാന്ധിയെന്ന് ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു. മൂവാറ്റുപുഴ ബ്ലോക്കിൽ നിർമ്മിച്ച മഹാത്മാഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധിജിയുടെ ദർശനങ്ങളും പ്രവർത്തനങ്ങളും ഓരോ വ്യക്തിയും പിന്തുടരണമെന്നും മനുഷ്യ മനസ്സുകളിൽ അദ്ദേഹത്തിന്റെ സ്ഥാനം വളരെ ഉയരത്തിലാണെന്നും മന്ത്രി പറഞ്ഞു.

ഗതാഗത വകുപ്പുമായി ബന്ധപ്പെട്ട് ഭിന്നശേഷിക്കാരുടെ സൗകര്യത്തിനായി നിരവധി പ്രവർത്തനങ്ങൾ സർക്കാർ നടപ്പാക്കുന്നുണ്ട്. ഡ്രൈവിംഗ് ലൈസൻസ് ലഭ്യമാക്കുന്നതിനു ഭിന്നശേഷി സമൂഹത്തിനു പ്രത്യേക നിയമങ്ങൾ കേരളത്തിൽ നിലവിൽ വന്നിട്ടുണ്ട്.
ഭിന്നശേഷി സൗഹൃദമായ അന്തരീക്ഷം സൃഷ്ടിക്കാനാണ് കേരള സർക്കാർ ശ്രമിക്കുന്നതെന്നും ഭിന്നശേഷിക്കാർക്കായി ബ്ലോക്ക്‌ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും മന്ത്രി പറഞ്ഞു.

ബ്ലോക്ക് പഞ്ചായത്ത് കവാടത്തിലാണ് മഹാത്മാഗാന്ധിയുടെ പ്രതിമ സ്ഥാപിച്ചി ട്ടുള്ളത്. ബ്ലോക്ക് ഫണ്ടിൽ നിന്നും അഞ്ച് ലക്ഷം രൂപ വകയിരുത്തിയാണ് പ്രതിമയുടെ നിർമ്മാണം. തൃപ്പൂണിത്തുറ കളിക്കോട്ട പാലസിലുള്ള കേരള ഗ്രാമ വികസന സാനിറ്റേഷൻ സൊസൈറ്റിക്കായിരുന്നു നിർമ്മാണ ചുമതല. ആറരയടി ഉയരമുള്ള ഗാന്ധിയുടെ ചലനാവസ്ഥയിലുള്ള പ്രതിമ നിർമ്മിച്ചത് ചേരാസ് രവിദാസ് എന്ന ശില്പിയാണ്. 30 ദിവസം കൊണ്ട് കളിമണ്ണിൽ രൂപപ്പെത്തിയെടുത്ത പ്രതിമയോടൊപ്പം സ്വാതന്ത്ര സമരവുമായി ബന്ധപ്പെട്ട ചിത്രങ്ങളും ആലേഖനം ചെയ്തിട്ടുണ്ട്.

ചടങ്ങിൽ പ്രതിമ നിർമ്മിച്ച കേരള ഗ്രാമ വികസന സാനിറ്റേഷൻ സൊസൈറ്റിക്കുള്ള ആദരം ശില്പി ചേരാസ് രവിദാസിന് നൽകി മന്ത്രി നിർവഹിച്ചു. ബ്ലോക്കിലെ മികച്ച പഞ്ചായത്തായി തിരഞ്ഞെടുത്ത മാറാടി പഞ്ചായത്തിനുള്ള ആദരം പി.ജെ.ജോസഫ് എം. എൽ. എ. നിർവഹിച്ചു. കലാകായിക വിദ്യാഭ്യാസ രംഗത്തെ പ്രമുഖരെയും ചടങ്ങിൽ ആദരിച്ചു.

മാത്യു കുഴൽനാടൻ എം.എൽ.എ. ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ., ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ജോസ് അഗസ്റ്റിൻ, വൈസ് പ്രസിഡന്റ് സാറാമ്മ ജോൺ, മുൻ എം. എൽ. എ. മാരായ ജോസഫ് വാഴക്കൻ, ബാബു പോൾ, ജോണി നെല്ലൂർ, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരായ ഷെൽമി ജോൺസ്, ഒ.പി. ബേബി, സുറുമി അജീഷ്, ജോർജ് ഫ്രാൻസിസ്, മാത്യൂസ് വർക്കി, ആൻസി ജോസ്, ജാൻസി മാത്യു, മൂവാറ്റുപുഴ നഗരസഭ കൗൺസിലർ ആർ.രാകേഷ് ,വിവിധ ബ്ലോക്ക് അംഗങ്ങൾ, വിവിധ രാഷ്ട്രീയ പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.